ആലത്തൂര്‍: 30 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവിനെ ലഹരി വിരുദ്ധ സ്ക്വാഡും ആലത്തൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടി. ആലത്തൂര്‍ ഇരട്ടക്കുളം കുന്നത്ത് വീട്ടില്‍ അജ്മല്‍ ഫവാസാണ് (21) പിടിയിലായത്. ഇരട്ടക്കുളം ദേശീയപാതയോരത്ത് ഇടപാടുകാരെ കാത്തുനില്‍ക്കുമ്പോഴാണ് പൊലീസ് പിടികൂടിയത്. ഏകദേശം 40,000 രൂപ വില വരുമെന്ന് പൊലീസ് പറയുന്നു.
ഓയില്‍ എത്തിച്ചു കൊടുത്തവരെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ആലത്തൂര്‍, വടക്കഞ്ചേരി മേഖലയില്‍ ലഹരി വില്പനയുടെ മുഖ്യകണ്ണിയാണ് അജ്മൽ എന്നും പൊലീസ് വ്യക്തമാക്കി. നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി സി.ഡി. ശ്രീനിവാസന്, ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം. ദേവസ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആലത്തൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരി, എസ്.ഐ ജീഷ് മോന് വര്‍ഗീസ്, എസ്.സി.പി.ഒ പ്രദീപ്, സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, ആര്.കെ. കൃഷ്ണദാസ്, യു. സൂരജ് ബാബു, കെ. ദിലീപ്, ആര്. സുധീഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.


