വള്ളിക്കുന്നത്തെ സുചിത്രയുടെ ആത്മഹത്യയില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ഭര്‍തൃ വീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ മകളെ പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ മൊഴി നല്കി. സുചിത്രയുടെ മാതാപിതാക്കളുടെ മൊഴി പോലീസ് രേഖസ്റ്റടുത്തി.
സ്വര്‍ണവും കാറും നല്‍കിയതിന് പുറമെ സുചിത്രയുടെ ഭര്‍തൃ വീട്ടുകാര്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായും മൊഴി നല്കി. വള്ളികുന്നത്തെ ഭര്‍തൃ വീട്ടിലാണ് സുചിത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ രേഖകളടക്കം വിശദമായി പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കായംകുളം വള്ളികുന്നത്ത് 19 വയസുള്ള സുചിത്രയെ ഭര്‍തൃ ഗൃഹത്തിലെ മുറിയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രാവിലെ വീടിനുള്ളില്‍ കാണാതായ സുചിത്രയെ 11.30യോടെ ഭര്‍തൃ മാതാവ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനേയും വിവരം അറിയിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് സുചിത്രയുടെയും വിഷ്ണുവിന്റെയും വിവാഹം കഴിഞ്ഞത്. സൈനികനായ സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണു നിലവില്‍ ഉത്തരാഖണ്ഡിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ലീവ് കഴിഞ്ഞ് വിഷ്ണു ഉത്തരാഖണ്ഡിലേക്ക് പോയത്.


