സംസ്ഥാനത്താകെ 4500 ല്‍ ഏറെ ഗുണ്ടകള്‍. അതില്‍ 1300 പേര് എപ്പോഴും സജീവമാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 25 കേസുകളില്‍ കൂടുതലുള്ളവരും ഇപ്പോഴും അക്രമ പ്രവര്‍ത്തനത്തില്‍ സജീവമായി ഏര്‍പ്പെടുന്നവരുമാണ് ഈ വിഭാഗത്തില്‍.
സംസ്ഥാന പൊലീസ് മേധാവി ആവര്‍ത്തിച്ച് ഉത്തരവു പുറപ്പെടുവിച്ചിട്ടും ഇവരെ പിടികൂടാന്‍ പൊലീസ് ഒന്നും ചെയ്യുന്നില്ല. അമിത ജോലി ഭാരത്താല്‍ വീര്‍പ്പുമുട്ടുമ്പോള്‍ ഇവരെ എപ്പോള്‍ പിടിക്കുമെന്നാണു ലോക്കല്‍ പൊലീസുകാര്‍ മേലുദ്യോഗസ്ഥരോടു തിരിച്ചു ചോദിക്കുന്നത്. കാപ്പ നിയമ പ്രകാരം അകത്താക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയാറാകാത്തതും ഇവര്‍ക്കു സൗകര്യമാകുന്നു.
കൊലക്കേസ്, കൊലപാതക ശ്രമം, അടിപിടി, പിടിച്ചുപറി, ക്വട്ടേഷന്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍, മണല്‍മണ്ണ് മാഫിയ, ലഹരിക്കടത്ത് എന്നിങ്ങനെ പലതരം കേസുകളാണ് ഓരോരുത്തരുടെയും പേരില്‍.
അതേസമയം, സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കില്‍ 850 സജീവ ഗുണ്ടകള്‍ മാത്രമാണു കേരളത്തില്‍. 150 ല്‍ ഏറെ ഗുണ്ടാ സംഘങ്ങളും പ്രവര്‍ത്തിക്കുന്നു. ജില്ലാ പൊലീസ് മേധാവികളുടെ കീഴിലെ ജില്ലാ സ്പെഷല്‍ ബ്രാഞ്ചിന്റെ കയ്യില്‍ മറ്റൊരു കണക്കാണുള്ളത്.


