അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കുടുംബം. പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാത്തത് അറിയിക്കുന്നില്ല. കേസന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മധുവിന്റെ അമ്മയും, സഹോദരിയും പറഞ്ഞു.
ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കേസ് ഇന്നലെ പരിഗണിക്കവെ വാദിക്കാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി ചോദിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരാവാതിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ചോദ്യം. കേസില്‍ നിന്നും ഒഴിയാന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിജിപിയ്ക്ക് കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച വിടി രഘുനാഥാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്.
കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി. 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം. എന്നാല്‍ നിലവില്‍ കേസിന്റെ വിചാരണ നടപടികള്‍ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്.


