പേരൂര്‍ക്കട സ്വദേശി അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ തിരുവനന്തപുരം കുടുംബ കോടതിയുടെ ഉത്തരവ്. സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിയുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. തുടര്‍ നടപടികള്‍ നവംബര്‍ ഒന്നിന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ കൈമാറ്റം ചെയ്യപ്പെട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ഡി.എന്‍.എ പരിശോധന നടത്തണമെന്നും കോടതി ഉത്തരവിട്ടു.
കോടതി വിധിയില്‍ അനുപമ സന്തോഷം പ്രകടിപ്പിച്ചു. എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും നവംബര്‍ ഒന്നിന് അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അനുപമ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ തന്നെ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ കുഞ്ഞ് കൂടെയുണ്ടാകുമായിരുന്നുവെന്നും അനുപമ വ്യക്തമാക്കി.
വൈകിയാണെങ്കിലും എല്ലാം ശരിയാകുന്നതില്‍ സന്തോഷമുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു.


