അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ തെളിവെടുപ്പ് നടത്തി. മരിച്ച ഉത്രയുടെ ഭര്‍ത്താവും ഒന്നാംപ്രതിയുമായ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിൽ സമീപത്തെ ആളൊഴിഞ്ഞ വീട്ടിന്റെ പരിസരത്ത് നിന്ന് പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് പാത്രം കണ്ടെടുത്തു.
തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങളാണ് ഉത്രയുടെ വീട്ടില്‍ ഉണ്ടായത്. മകളെ കൊന്നയാളെ വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞ് ഉത്രയുടെ അമ്മ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. താൻ ഒന്നും ചെയ്തിട്ടില്ലെന്ന് കരഞ്ഞ് കൊണ്ട് സൂരജും ആവർത്തിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. ആള്‍ക്കൂട്ടത്തെ ഒഴിവാക്കുന്നതിനായി ആരെയും അറിയിക്കാതെയാണ് ഉത്രയുടെ ഭര്‍ത്താവ് സൂരജിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. അതേസമയം, ഉത്രയെ കടിച്ച രണ്ടുപാമ്പുകളുടെയും പോസ്റ്റ്മോര്‍ട്ടം നടത്താനാണ് തീരുമാനം.


