കൊല്ലം അഞ്ചലില്‍ യുവതിയെ പാമ്പിന്റെ കടിയേല്‍പ്പിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ വനിതാകമ്മീഷന് സ്വമേധയാ കേസെടുത്തു. സൂരജിനെയും കുടുംബത്തെയും ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. മെയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളിശേരിയില്‍ ഉത്രയെ (25) സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റാണ് യുവതി മരിച്ചത്.
യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചും പാമ്പ് കടിയേറ്റിരുന്നു. രണ്ടുതവണ പാമ്പുകടിച്ചതും മകളുടെ മരണവും അസ്വഭാവികതയാണെന്ന് കാട്ടി കൊല്ലം റൂറല്‍ എസ്പിക്ക് മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഉത്രയുടെ മരണം കൊലപാതകമാണെന്നും ഭര്‍ത്താവാണ് അതിന് കാരണക്കാരനെന്നും തെളിഞ്ഞത്. പോലീസ് ചോദ്യം ചെയ്യലില്‍ സൂരജ് കുറ്റം സമ്മതിക്കുകയും പാമ്പിനെ 10,000 രൂപ കൊടുത്ത് വാങ്ങിയതാണെന്നും ഇയാള്‍ പറഞ്ഞു. പോലീസ് ഇയാളെയും കുട്ടാളിയെയും ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.


