തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തുക. കാക്കനാട് ജില്ലാ ജയിലിലെത്തി ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യും. ഇന്നലെയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് പ്രതിചേര്‍ത്തത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നു.
കള്ളപ്പണം വെളുപ്പിച്ച കേസിന് പുറമേ തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കൂടി ശിവശങ്കറിന് പങ്കുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എം ശിവശങ്കര്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്കി. കസ്റ്റംസിന്റെ അപേക്ഷ കോടതി പരിഗണിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ശിവശങ്കറിനെ ജയിലിലെത്തി അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്കി. തിരുവനന്തപുരം സ്വര്‍ണക്കളളക്കടത്തിന് നേതൃത്വം നല്‍കിയിരുന്നത് ശിവശങ്കര്‍ ആണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.