ഗുവാഹാട്ടി: അസമിൽ പതിന്നാലുകാരിയെ കൂട്ടബലാത്സംഗംചെയ്ത കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ കുളത്തിൽ ചാടി മരിച്ചു. തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴായിരുന്നു സംഭവം. മുഖ്യപ്രതിയായ തഫസുൽ ഇസ്ലാം എന്നയാളാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനായി കുളത്തിൽ ചാടിയത്.
ഓഗസ്റ്റ് 23-നാണ് പ്രതിയായ തഫാസുൽ ഇസ്ലാമിനെ പോലീസ് പിടികൂടിയത്. 24-ന് പുലർച്ചെ നാലോടെ പോലീസ് അകമ്പടിയിൽ ഇയാളെ കൃത്യം നടന്ന സ്ഥലത്ത് എത്തിക്കുകയായിരുന്നു. തെളിവെടുപ്പിനിടെ പ്രതി കുളത്തില്ചാടി. രണ്ടു മണിക്കൂർ നേരത്തെ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുക്കാനായത്.
അതേസമയം, പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ 14 വയസ്സുകാരിയെ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ മടങ്ങുമ്പോൾ മോട്ടോർ സൈക്കിളിൽ എത്തിയ മൂന്ന് പേർ കുട്ടിയെ ആക്രമിക്കുകയായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിയെ കുളക്കരയിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.പൊലീസ് ആദ്യം കുട്ടിയെ ധിങ്ങിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തിയശേഷം 25 കിലോമീറ്റർ അകലെയുള്ള നാഗോണിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


