ലൈംഗിക പീഡനത്തിനിരയാകുന്നവര്‍ക്ക് മാനസിക പിന്തുണ ഉറപ്പു വരുത്താന്‍ സമഗ്രമായ പ്രോട്ടോക്കോള്‍ വേണമെന്ന് ഹൈക്കോടതി. മെഡിക്കല്‍, നിയമ സഹായങ്ങള്‍ ലഭ്യമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പത്ത് നിര്‍ദേശങ്ങളടങ്ങിയ ഉത്തരവാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പുറപ്പെടുവിച്ചത്.
അടിയന്തര സഹായം തേടി വിളിക്കാന്‍ 112 എന്ന ടോള്‍ ഫ്രീ നമ്പര്‍ സര്‍ക്കാര്‍ വ്യാപകമായി പ്രചരിപ്പിക്കണമെന്നതടക്കമുള്ള പത്തു നിര്‍ദേശമാണ് കോടതിയുടേത്. പീഡനക്കേസ് ഒത്തു തീര്‍പ്പാക്കാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നെന്നാരോപിച്ച് ഒരു കേസിലെ ഇര നല്കിയ ഹരജിയിലാണ് ഉത്തരവ്.
ഇരകളുടെ കോളുകള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചവരെ നിയോഗിക്കണം. പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍ ഇരയെ ബന്ധപ്പെടാന്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് അടിയന്തര നടപടിയെടുക്കണം. ഇരയെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്താതെ നേരില്‍ കാണുകയോ ഫോണില്‍ വിളിക്കുകയോ ചെയ്യണം. വീട്ടിലെത്തിയോ ഇര ആവശ്യപ്പെടുന്ന സ്ഥലത്തെത്തിയോ വേണം മൊഴി രേഖപ്പെടുത്താന്‍.
രക്ഷിതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ സാമൂഹ്യ പ്രവര്‍ത്തകന്റെയോ സാന്നിധ്യത്തിലാവണം മൊഴിയെടുപ്പ്. കേസെടുത്താല്‍ ഇരക്ക് സംരക്ഷണവും പിന്തുണയും നല്കാന് വിക്ടിം ലെയ്സണ്‍ ഓഫീസറെ ചുമതലപ്പെടുത്തണം. മാനസികവും ശാരീരികവുമായ പരിചരണം ഉറപ്പു വരുത്താന്‍ വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെന്ററിന്റെയും വിക്ടിം റൈറ്റ് സെന്ററിന്റെയും നമ്പറുകള്‍ ഇരക്ക് നല്‍കണം. ഇര ഏതു സമയത്ത് ആവശ്യപ്പെട്ടാലും സഹായം നല്കാന് കഴിയുന്ന തരത്തില്‍ 24 മണിക്കൂറും ഈ സെന്ററുകളുടെ സേവനം ഉറപ്പു വരുത്തണം.
വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെന്റര്‍, വിക്ടിം റൈറ്റ് സെന്റര്‍ എന്നിവിടങ്ങളില്‍ നിയമ സഹായവും ഉറപ്പാക്കണം. അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരണം. വിചാരണ വരെ ഈ നടപടികളെല്ലാം തുടരണം. രഹസ്യമൊഴി നല്‍കുന്നതിനുളള നടപടികളിലും സഹായം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.


