മലപ്പുറം പാണമ്പ്രയില്‍ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് സഹോദരികളെ യുവാവ് ക്രൂരമായി മര്‍ദിച്ചു. ദേശീയ പാതയില്‍വെച്ച് ജനക്കൂട്ടത്തിനിടയില്‍ യുവാവ് അഞ്ച് തവണയാണ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷെബീറിനെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. ഈ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പെണ്‍കുട്ടികള്‍ കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. അമിത വേഗതയിലെത്തിയ കാര്‍ ഇടത് വശത്തുകൂടെ ഓവര്‍ടേക്ക് ചെയ്തതാണ് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടികളെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. യുവാവ് സ്കൂട്ടര്‍ ഓടിച്ചിരുന്ന പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും ചെയ്തു.
പ്രദേശത്തുണ്ടായിരുന്ന മറ്റൊരാള്‍ പകര്‍ത്തിയ വിഡീയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അമിത വേഗത്തില്‍ കാറോടിച്ചത് ചോദ്യം ചെയ്തതാണ് യുവാവിനെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.
മര്‍ദനമേറ്റതില്‍ ഒരു പെണ്‍കുട്ടി നട്ടെല്ലിന് അസുഖം ബാധിച്ചയാളാണ്. ദുര്‍ബല വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് പരാതിക്കാരുടെ ആക്ഷേപം. കഴിഞ്ഞ ദിവസമാണ് പൊലീസ് ഇവരുടെ മൊഴിയെടുത്തത്.


