പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ആലുവ കോടതിയില്‍ വച്ചാണ് ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പള്‍സര്‍ സുനിയെ കണ്ടതിനു ശേഷം മകന് പറഞ്ഞ കാര്യങ്ങളൊക്കെ കോടതിയെ അറിയിച്ചു എന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ മകനു ഭീഷണിയുണ്ടെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് പള്‍സര്‍ സുനി അയച്ച കത്ത് പുറത്തുവിട്ടത്. സിനിമാ മേഖലയിലുള്ള നിരവധി ആളുകള്‍ക്ക് ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ട്. സംവിധായകന് ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ്. പള്‍സര്‍ സുനിക്കും ചില കാര്യങ്ങള്‍ പറയാനുണ്ട്. അവസരം കിട്ടിയാല്‍ മാധ്യമങ്ങളോട് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുമെന്നും ശോഭന പറഞ്ഞു.
അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സംവിധായകന് റാഫിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് റാഫിയെ വിളിച്ചു വരുത്തിയത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ ചിത്രത്തിന് തിരക്കഥ എഴുതിയത് റാഫിയാണ്. പിക് പോക്കറ്റ് എന്ന സിനിമ വേണ്ടെന്ന് വിളിച്ചു പറഞ്ഞത് സംവിധായകന് ബാലചന്ദ്രകുമാറാണ്. എന്നെ അദ്ദേഹമാണ് വിളിച്ചു പറഞ്ഞതെന്നും സംവിധായകന് റാഫി പറഞ്ഞു.
ഈ അടുത്ത കാലത്താണ് അദ്ദേഹം സിനിമ വേണ്ടന്ന് വിളിച്ചു പറഞ്ഞത്. ദിലീപും ബാലചന്ദ്രകുമാറും തമ്മില്‍ പ്രശ്ങ്ങള്‍ ഉള്ളതായി തോന്നിയിട്ടില്ല. സിനിമ നീട്ടിവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ ബാലചന്ദ്രകുമാറിന് ഉണ്ടായിരുന്നു. തിരക്കഥ എഴുതിയത് ബാലചന്ദ്രകുമാറായിരുന്നു ഞാന്‍ അത് പോളിഷ് ചെയ്യാനായി കമ്മിറ്റ് ചെയ്തത് 2018 ലാണ്. ക്രൈംബ്രാഞ്ച് ഇപ്പോള്‍ വിളിപ്പിച്ചതിലുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ താത്പര്യപ്പെടുത്തുന്നില്ല എന്നും സംവിധായകന് റാഫിപറഞ്ഞു.
സംവിധായകന് ബാലചന്ദ്ര കുമാര്‍ കൈമാറിയ ഓഡിയോ റെക്കോര്‍ഡില്‍ റാഫിയുടെ ശബ്ദവുമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയതെന്ന് എസ്പി അറിയിച്ചു.


