സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. ഇരു കേസുകളിലും ശിവശങ്കറിന്റെ അറസ്റ്റ് സിംഗിള്‍ ബഞ്ച് 23 വരെ തടഞ്ഞിരുന്നു.
ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി വാസമെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചതെന്നും കസ്റ്റംസ് നല്കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, താന്‍ രാഷ്ട്രീയ കളിയുടെ ഇരയാണെന്നും അന്വേഷണത്തിന്റെ പേരില്‍ തന്നെ മാനസികമായ പീഡിപ്പിക്കുകയാണെന്നുമാണ് ശിവശങ്കര്‍ കോടതിയെ അറിയിച്ചത്.
സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള ശിവശങ്കറിന് സ്വര്‍ണ്ണക്കള്ളക്കടത്തിനെക്കുറിച്ച് അറിയാതിരിക്കാന്‍ സാധ്യതയില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് നിലപാട്. സ്വര്‍ണക്കടത്ത് കേസില്‍ ഹംസത്ത് അബ്ദുല്‍ സലാം, സംജു എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് എന്‍ഐഎ കോടതി വിധി പറയും. യുഎപിഎ പ്രകാരം എന്‍ഐഎ ചുമത്തിയ കേസില്‍ തെളിവില്ലെന്ന് കണ്ട് 10 പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ,കസ്റ്റംസ് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ കാത്തിരിക്കുകയാണെന്നും ഭീകര ബന്ധം സംബസിച്ച അന്വേഷണം പുരോഗമിക്കുന്നതിനാല്‍ പ്രതികളെ ജാമ്യത്തില്‍ വിടരുത് എന്നുമാണ് എന്‍ഐഎയുടെ വാദം.
90 ദിവസത്തിലധികം കേസ് അന്വേഷിച്ചിട്ടും ഭീകര ബന്ധം സംബസിച്ച് ഒരു തെളിവും കേസ് ഡയറിയില്‍ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നേരത്തെ കോടതി പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഇതിനിടെ സരിത്, റെമീസ് , സന്ദീപ്, ജലാല്‍ എന്നിവരെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കും.