മെഡിക്കല്‍ കോളജ് വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. രാത്രി 9.30 ന് ശേഷം ഹോസ്റ്റലില്‍ നിന്നും ക്യാമ്പസിനുള്ളില്‍ തന്നെ പോകാന്‍ വാര്‍ഡന്റെ അനുമതി മതിയാകും. എന്നാല്‍ മറ്റാവശ്യങ്ങള്‍ക്ക് 9.30 ന് ശേഷം ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങാന്‍ രക്ഷാകര്‍ത്താക്കളുടെ അനുമതി വേണമെന്നാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹോസ്റ്റല്‍ സമയക്രമത്തില്‍ വിവേചനപരമായ നിയന്ത്രണങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. കോളജ് ഹോസ്റ്റലുകള്‍ ജയിലുകളല്ല. ഭരണഘടനാപരമായ അവകാശം പെണ്‍കുട്ടികള്‍ക്കുണ്ട്. അത് ഉറപ്പാക്കുന്നതിനാണ് പരിഗണനയെന്നും കോടതി പറഞ്ഞു.
സമയ നിയന്ത്രണം സംബന്ധിച്ച് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
’18 വയസ്സായി എന്നതുകൊണ്ട് മാത്രം മാനസികമായി പൂര്‍ണ വളര്‍ച്ചയെത്തുന്നില്ല. അതിന് 25 വയസ്സാകണമെന്നാണ് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍, 18 വയസ്സായതുകൊണ്ട് പൂര്‍ണസ്വാതന്ത്ര്യം വേണമെന്ന വാദം അംഗീകരിക്കാനാകില്ല. വിദ്യാര്‍ഥികളാണെന്നതിനാല്‍ അവര്‍ ആവശ്യത്തിന് ഉറങ്ങണം’ ആരോ?ഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ രാത്രി 9.30ന് ശേഷം പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജിയിലായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം.
നിയന്ത്രണങ്ങളുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ താല്പര്യവും കണക്കിലെടുക്കേണ്ടതുണ്ട്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് ഹര്‍ജി. ഹര്‍ജിക്കാര്‍ വിദ്യാര്‍ഥികളുടെയാകെ പ്രതിനിധികളല്ലെന്നും വിശദീകരണത്തില്‍ പറയുന്നു. അതേസമയം, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ ആണ്-പെണ് ഭേദമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് രാത്രി 9.30ന് ശേഷവും പ്രവേശിക്കാമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവ് എല്ലാ മെഡിക്കല്‍ കോളജുകളും പാലിക്കണമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചിരുന്നു.


