ബി.ജെ.പി നേതാവ് രണ്‍ജിത്ത് വധക്കേസില്‍ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും പിടിയിലായവരില്‍ ഉണ്ടെന്നാണ് വിവരം. കേസില്‍ ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണ്.
ഇന്നലെ കസ്റ്റഡിയിലെടുത്ത അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. മണ്ണഞ്ചേരി സ്വദേശികളായ ആസിഫ്,നിഷാദ്, അലി, സുധീര്‍, അര്‍ഷാദ് എന്നിവരാണ് പ്രതികള്‍. രണ്‍ജിത്ത് വധത്തില്‍ ഇവര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നാലു ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരു വാഹനത്തില്‍ ചോരക്കറ കണ്ടെത്തിയിട്ടുണ്ട്.
വാഹനം ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. രണ്‍ജിത്ത് വധക്കേസില്‍ ചോദ്യം ചെയ്യാനായി മണ്ണഞ്ചേരി പഞ്ചായത്തംഗവും എസ്.ഡി.പി.ഐ നേതാവുമായ നവാസ് നൈനയെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ രണ്ടു ദിവസമായി കരുതല്‍ കസ്റ്റഡിയിലാണ്.
ആര്.എസ്.എസ്- എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പ്രതികള്‍ക്കായി വ്യാപക പരിശോധന നടക്കുന്നുണ്ട്. തെരച്ചില്‍ തുടരാന്‍ ഇന്നലെ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമെടുതതിരുന്നു. പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


