സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ എം ശിവശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളില്‍ ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നാളെ വിധി പറയാന്‍ മാറ്റി വെച്ചിരിക്കുകയാണ്.
കേസില്‍ ഇതുവരെ 11 തവണയായി നൂറ് മണിക്കൂറിലേറെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതായി ശിവശങ്കര്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. എന്നാല്‍ തന്നെ പ്രതി ചേര്‍ക്കാന്‍ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. ആവശ്യപ്പെട്ടാല്‍ ഇനിയും ഹാജരാകാന്‍ തയ്യാറാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അതേസമയം മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഇന്നലെ എതിര് സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ വേണ്ടി വന്നേക്കാമെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. സ്വപ്നയുടെ സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാതിരിക്കാന്‍ സാധ്യതയില്ലെന്ന് ഇഡിയുടെ സത്യവാങ്മൂലത്തിലുണ്ട്.