കെ.എം ഷാജി എം.എല്‍.എയ്ക്കെതിരെ വധഭീഷണിയുണ്ടായെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി തേജസ് വീട്ടില്‍ നിന്ന് കടന്ന് കളഞ്ഞതായാണ് പൊലീസിന് ലഭിച്ച വിവരം. മുംബെയിലുളള ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.
കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി തേജസ് ആണ് തന്നെ വധിക്കാന്‍ കൊട്ടേഷന്‍ നല്‍കിയതെന്നാണ് കെ.എം ഷാജി എം.എല്‍.എയുടെ പരാതി. തേജസിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്. വധഭീഷണിയുണ്ടെന്ന് കെ.എം ഷാജി ആരോപണം ഉന്നയിച്ച ദിവസം ഇയാളെ വീട്ടില്‍ നിന്ന് കാണാതായെന്നാണ് ബന്ധുക്കളുടെ മൊഴി. രണ്ട് ദിവസമായി ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
വീട്ടുകാരും ബന്ധുക്കളുമടക്കമുള്ളവരില്‍ നിന്ന് വളപട്ടണം പൊലീസ് മൊഴിയെടുത്തു. ഇയാള്‍ സജീവ രാഷട്രീയ പ്രവര്‍ത്തകനല്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. പത്ത് വര്‍ഷത്തിലധികമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന തേജസിന് നാട്ടില്‍ അടുത്ത സുഹൃത്തുക്കളില്ല. എട്ടാം ക്ലാസ് വരെ മുംബൈയിലായിരുന്നു പഠിച്ചത്. തേജസ് മുംബൈയിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ക്കെതിരെ മറ്റ് കേസുകളൊന്നും സംസ്ഥാനത്ത് നിലവിലില്ല. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ മൊഴി രേഖപ്പെടുത്താനായി രണ്ട് തവണ വളപട്ടണം പൊലീസ് കെ.എം ഷാജിയെ ബന്ധപ്പെട്ടെങ്കിലും എം.എല്‍.എ അസൗകര്യം അറിയിച്ചതായും പൊലീസ് പറഞ്ഞു.


