ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന് പ്രതി. ആറന്മുള സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിച്ചെന്ന പരാതിയിലാണ് കേസ്. കുമ്മനം അടക്കം ഒന്‍പതുപേരെ പ്രതിയാക്കി തട്ടിപ്പും, വിശ്വാസവഞ്ചനയും ചുമത്തി ആറന്മുള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്ലാസ്റ്റിക് രഹിത കോട്ടണ്‍ മിക്സ് ബാനര്‍ നിര്‍മിക്കുന്ന കമ്പനിയില്‍ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 30 ലക്ഷത്തിലധികം രൂപ തട്ടിയെന്നാണ് പരാതി. കേസില്‍ കുമ്മനം നാലാംപ്രതിയാണ്.
പാലക്കാട് പ്രവര്‍ത്തിക്കുന്ന ന്യൂഭാരത് ബയോ ടെക്നോളജി എന്ന കമ്പനിയുടെ ഷെയര്‍ ഹോള്‍ഡര്‍ ആക്കാമെന്ന് പറഞ്ഞാണ് കുമ്മനം അടക്കമുള്ളവര്‍ തട്ടിപ്പ് നടത്തിയത്. പലപ്പോഴായി ഹരികൃഷ്ണനില്‍ നിന്ന് 30 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.
കുമ്മനത്തിന്റെ സന്തതസഹചാരി പ്രവീണ്‍ വി. പിള്ള, പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയന്, സേവ്യര്‍, കുമ്മനം രാജശേഖരന്,ബി. ജെ.പി എന്‍.ആര്.ഐ സെല്‍കണ്‍വീനര്‍ എന്‍.ഹരികുമാര്‍, വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണ് ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍. സംസ്ഥാനത്തിനകത്തും പുറത്തുനിന്നും നിരവധിപ്പേരില്‍ നിന്ന് പണംവാങ്ങിയതായാണ് സൂചന.
പാലക്കാട് ഫാക്ടറി തുടങ്ങി സ്വദേശി തുണിഉല്പ്പന്നങ്ങള്നിര്മിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതിയെന്നാണ് ധരിപ്പിച്ചിരുന്നത്. പദ്ധതിയുടെ പേരില്‍ കൊല്ലങ്കോട് കാനറാ ബാങ്ക് ശാഖയുടെ അക്കൗണ്ടിലേയ്ക്ക്പലപ്പോഴായി 36 ലക്ഷം രൂപ ഹരികൃഷ്ണന് ട്രാന്‍സ്ഫര്‍ ചെയ്തു. ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ഹരികൃഷ്ണന് ചോദിച്ചപ്പോള്നല്കാന് തയാറായില്ല. തട്ടിപ്പ് ബോധ്യപ്പെട്ടപ്പോഴാണ് ജില്ലാപൊലീസ് മേധവിയ്ക്ക് പരാതി നല്‍കിയത്.
അതേസമയം, ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് കുമ്മനം രാജശേഖരന്. സാമ്പത്തിക തട്ടിപ്പ് കേസില്‍ തന്നെ കുടുക്കിയതാണ്. കമ്പനി തുടങ്ങുന്നത് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പണമിടപാട് അറിയില്ലെന്നും കുമ്മനം പത്തനംതിട്ടയില്‍ പറഞ്ഞു.


