സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ പരിശോധന. ദില്ലിയിലും കേരളത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പരിശോധന നടത്തുന്നത്. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി നസറുദീന്‍ എളമരം അടക്കം നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തു. അതേസമയം, പത്ത് സംസ്ഥാനങ്ങളില്‍ പരിശോധന നടക്കുകയാണെന്നും തീവ്രവാദ ബന്ധം സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധനയെന്നുമാണ് എന്‍ഐഎ വിശദീകരണം.
തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, വയനാട് തുടങ്ങിയ ഇടങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തുകയാണ്. തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലാണ് റെയ്ഡ്. രാവിലെ 3. 30ഓടെയാണ് റെയ്ഡ് ആരംഭിച്ചത്.
റെയ്ഡില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വാര്‍ത്താകുറിപ്പ് ഇറക്കിയതിന് പിന്നാലെ വ്യാപക പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ആര്‍എസ്എസ് ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
റെയ്ഡിനെതിരെ പലയിടത്തും പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ട്. തിരുവനന്തപുരത്തെ പോപുലര്‍ ഫ്രണ്ട് ഓഫീസിന് മുന്നിലെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തില്‍ പ്രവര്‍ത്തകര്‍ അടിച്ചു തടയാന്‍ ശ്രമിച്ചു. കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി. അതിനിടെ, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗത്തെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് തൃശൂര്‍ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. പെരുമ്പിലാവിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികള്‍ അര്‍ദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പ്രതികരിച്ചു. ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറയുന്നു.
പോപുലര്‍ ഫ്രണ്ടിനെതിരായ രാജ്യവ്യാപക എന്‍ഐഎ റെയ്ഡില്‍ നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കേരളം, യുപി ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഭീകരവാദ ഫണ്ടിംഗ്, ആയുധ പരിശീലന ക്യാമ്പ് എന്നിവ നടത്തിയവര്‍ക്കെതിരെയാണ് റെയ്ഡ്. നിരോധിത സംഘടനകളിലേക്ക് ആളെ ചേര്‍ത്തവര്‍ക്ക് എതിരെയും റെയ്ഡെന്ന് എന്‍ഐഎ അറിയിച്ചു.