കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ നിക്ഷേപകര്‍ വീണ്ടും സമരത്തിലേക്ക്. കേസില്‍ മുഴുവന്‍ ഡയറക്ടര്‍മാരേയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. നിലവില്‍ പുരോഗമിക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.
തട്ടിപ്പിനരയായ മുഴുവന്‍ പേരുടെയും പണം തിരികെ ലഭിക്കുന്നതിനായി നടത്തിവരുന്ന സമരവും, നിയമപരമായ ഇടപെടലും ശക്തമാക്കാനാണ് നിക്ഷേപകരുടെ തീരുമാനം. പ്രശ്ന പരിഹാരത്തിനായി ലീഗ് നേതൃത്വം ഇടപെട്ട് ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് നിക്ഷേപകര്‍ പറയുന്നു. തട്ടിപ്പില്‍ എട്ട് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നാല് പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ജ്വല്ലറിയുടെ മുഴുവന്‍ ഡയറക്ടര്‍മാരേയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
ജ്വല്ലറി ചെയര്‍മാനും മഞ്ചേശ്വരം മുന്‍ എംഎല്‍എയുമായിരുന്ന എംസി കമറുദ്ദീന്, മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ എന്നിവരില്‍ കേസ് ഒതുക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ളതെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കണ്ണൂര്‍ റൂറല്‍ എസ്പിക്ക് നിക്ഷേപകര്‍ പരാതി നല്‍കിയിട്ടുണ്ട്. അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ ഡയറക്ടര്‍മാരുടെ വീട്ടു പടിക്കലിലേക്ക് സമരം വ്യാപിപ്പിക്കാനാണ് നിക്ഷേപകരുടെ തീരുമാനം.
രണ്ടായിരത്തി ഇരുപത് ജൂണ്‍ മാസത്തില്‍ ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എ എംസി കമറുദ്ദീന്, കമ്പനി മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ ഉള്‍പ്പടെ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. മറ്റൊരു ഡയറക്ടറായ പൂക്കോയ തങ്ങളുടെ മകന് ഇഷാം ഇപ്പോഴും ഒളിവിലാണ്.
കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് പേരില്‍ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരില്‍ നിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി. ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ നല്കിയ പരാതിയിലാണ് എംഎല്‍എയ്ക്കെതിരെ കേസ്.
എണ്ണൂറോളം പേര് നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷന്‍ ഗോള്ഡിന് ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയില്‍ അടച്ച് പൂട്ടിയിരുന്നു. എന്നാല്‍, നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകര്‍ പരാതി നല്‍കുകയായിരുന്നു.


