തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ അറസ്റ്റില്‍. കോഴിക്കോട് കസബ പൊലീസാണ് തിരുവനന്തപുരത്ത് നിന്ന് സരിത എസ് നായരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തിരുവനന്തപുരത്ത് സരിതയുടെ വസതിയിലെത്തിയാണ് അറസ്റ്റ്. ഇവരെ ഇപ്പോള്‍ കോഴിക്കോടേക്ക് റോഡ് മാര്‍ഗം കൊണ്ടുപോവുകയാണ്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതി നിരന്തരം വാറണ്ട് അയച്ചിട്ടും സരിത ഹാജരായിരുന്നില്ല.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ്ജ് അറസ്റ്റ് വിവരം സ്ഥിരീകരിച്ചു. നേരത്തെ കേസില്‍ സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി 25 ന് ഹാജരാക്കണമെന്നായിരുന്നു കോടതി നിര്‍ദേശം.
കേസില്‍ ബിജു രാധാകൃഷ്ണന് ഒന്നാം പ്രതിയും സരിത എസ് നായര്‍ രണ്ടാം പ്രതിയുമാണ്. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാനായി 42 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു എന്ന കേസിലാണ് അറസ്റ്റ്.

സോളാര്‍ തട്ടിപ്പ് പരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നാണിത്. വിധി പറയാനായി മാറ്റി വെച്ച കേസിലാണ് അറസ്റ്റ്. ഇന്ന് സരിതയെ കോടതിയില്‍ ഹാജരാക്കാനാവില്ലെന്നാണ് വിവരം. മാര്‍ച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തില്‍ കേസ് മാറ്റിവെക്കുകയായിരുന്നു. അബ്ദുള്‍ മജീദിന് കുറച്ച് പണം തിരികെ നല്‍കിയിരുന്നു. ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നല്‍കാമെന്നതടക്കം ധാരണയ്ക്ക് ശ്രമം നടന്നിരുന്നു.
പൊലീസ് സരിതയെ രക്ഷിക്കാന്‍ ശ്രമം നടന്നെന്ന ആരോപണം ശക്തമായിരുന്നു. പല കേസുകളിലും സരിതയ്ക്ക് എതിരെ വാറണ്ട് നിലവിലുണ്ടെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.


