എറണാകുളം തൃക്കാക്കരയില്‍ രണ്ടര വയസുകാരി മര്‍ദനത്തിന് ഇരയായതില്‍ ദുരൂഹത. കുഞ്ഞിന്റെ ചികില്‍സ വൈകിപ്പിച്ചതിന് അമ്മയ്ക്കെതരെ കേസെടുത്തെങ്കിലും പരുക്കിന്റെ കാരണം ദുരൂഹമായി തുടരുന്നു. ഇവര്‍ക്കൊപ്പം താമസിക്കുന്നയാള്‍ ആന്റണി ടിജിന് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം രക്ഷപ്പെട്ടു.
കുഞ്ഞിന്റെ അമ്മയുടെ സഹോദരിക്കൊപ്പം കാറില്‍ രക്ഷപ്പെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കുട്ടിയുടെ പരിക്ക് വാര്‍ത്ത ആയതിനു പിന്നാലെ ആണ് ഇവര്‍ മുങ്ങിയത്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
ഇവര്‍ ആദ്യം പോയത് പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയിലേക്കായിരുന്നു. പിന്നീട് രാത്രി പതിനൊന്നോടെ അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ മിഷനിലേക്ക് മാറ്റി.
എന്നാല്‍ രണ്ടര വയസുകാരിക്ക് സംഭവിച്ചത് ക്രൂര മര്‍ദ്ദനമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലച്ചോറില്‍ ക്ഷതം, ഇടത് കൈയില്‍ രണ്ട് ഒടിവ്, തലമുതല്‍ കാല് പാദം വരെ മുറിവുകള്‍ ഉള്ളതായി ആശുപത്രി അധികൃതര്‍ പറയുന്നു. കൂടാതെ കുഞ്ഞിന്റെ മുതുകില്‍ തീപ്പൊള്ളലുകളും ഏറ്റിട്ടുണ്ട്. കുഞ്ഞ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു.
അപസ്മാരത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നിയാണ് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചത്.
കുട്ടിയുടെ മാതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടി സ്വമേധയാ ഉണ്ടാക്കിയ മുറിവുകളെന്നാണ് കുടുംബത്തിന്റെ വിശദീകരണം. എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തില്‍ കുട്ടിയുടെ അമ്മക്കെതിരെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. മുറിവുകളുണ്ടായിട്ടും ചികിത്സ നല്‍കിയില്ലെന്ന കണ്ടെത്തലിന്റെ ഭാഗമായാണ് കേസ്. കുട്ടിയെ അപസ്മാരത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പരിക്ക് ശ്രദ്ധയില്‍പെട്ടത്. ശരീരമാസകലം മുറിവേറ്റിട്ടുള്ള കുട്ടിക്ക് അതുവരെ ചികിത്സ നല്‍കിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
കൃത്യം ഒരു മാസം മുന്‍പാണ് പുതുവൈപ്പ് സ്വദേശിയായ ആന്റണി ടിജിന് കാക്കനാട് നവോദയ ജംഗ്ഷന് സമീപം വീട് വാടയ്ക്കെടുക്കുന്നത്. സൈബര്‍ പോലീസ് ഉദ്യോഗസ്ഥനായ താന്‍ കാനഡയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ചതാണെന്നും ഭാര്യയും മൂന്ന് വയസുകാരന് മകന്, ഭാര്യാസഹോദരി, അമ്മ എന്നിവരും ഒപ്പമുണ്ടെന്നാണ് ഫ്ളാറ്റ് ഉടമയോട് പറഞ്ഞത്.


