മലപ്പുറം: സംസ്ഥാന വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിനോട് മോശമായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. പരിയാപുരം കോന്നാമഠത്തില്‍ അസ്കറലി എന്നയാള്‍ക്കെതിരെയാണ് കേസ്. കുറഞ്ഞ ദൂരത്തേക്ക് ഓട്ടം പോകാന്‍ വിസ്സമതിച്ചു, ഇറക്കി വിടാന്‍ ശ്രമിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിങ്ങനെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ്. ഇന്ന് മലപ്പുറത്ത് നടക്കുന്ന സിറ്റിംഗില്‍ ഓട്ടോയുമായെത്താന് ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെരിന്തല്‍മണ്ണ സിഐ വഴിയാണ് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കൈമാറിയത്.
അങ്ങാടിപ്പുറം റെയില്‍വെ സ്റ്റേഷന് പരിസരത്ത് ഓട്ടോ ഓടിക്കുന്ന ഇയാള്‍ തന്നെ അധിക്ഷേപിക്കുന്ന തരത്തില്‍ പെരുമാറിയെന്ന കാര്യം ഷാഹിദാ കമാല്‍ തന്നെയാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ പുറത്തു വിട്ടത്. ഇതിന് പിന്നാലെയാണ് ഡ്രൈവര്‍ക്കെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയായിരുന്നു പരാതിക്കാധാരമായ സംഭവം. പെരിന്തല്‍മണ്ണയില്‍ കുടുംബശ്രീയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് എത്തിയത്. രാജ്യറാണി എക്സ്പ്രസില്‍ അങ്ങാടിപ്പുറം സ്റ്റേഷനിലിറങ്ങിയ ഷാഹിദ, റെസ്റ്റ് ഹൗസിലേക്ക് പോകാനായി അസ്കറലിയുടെ ഓട്ടോയിലാണ് കയറിയത്. സ്ഥലം പറഞ്ഞപ്പോള്‍ ഓട്ടം പോകുന്നില്ലെന്ന് ശബ്ദമുയര്‍ത്തി പറഞ്ഞു. നിര്‍ബന്ധിച്ചപ്പോള്‍ സ്ഥലം അറിയില്ലെന്ന് പറഞ്ഞ് മുന്നോട്ടെടുത്ത് ശേഷം വണ്ടി പെട്ടെന്ന് നിര്‍ത്തുകയായിരുന്നുവെന്നാണ് ഷാഹിദ പറയുന്നത്. ഇറങ്ങിപ്പോയേ സ്ത്രീയെ എന്ന് ആക്രോശിക്കുകയും ചെയ്തിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു,
ഇറക്കിവിടാൻ നോക്കിപക്ഷേ ഞാൻ ഇറങ്ങാൻ തയ്യാറായില്ല ….പെരുവഴിയിൽ ഇറങ്ങേണ്ടവളല്ല സ്ത്രീകൾഅത് ഞാൻ ബോധ്യപെടുത്തി കൊടുക്കുംസ്ത്രീ സമൂഹത്തിനു വേണ്ടിയാണ് എന്റെ പോരാട്ടം
Posted by Shahida Kamal on Tuesday, January 21, 2020
പിന്നീട് വഴിമധ്യേയുള്ള ഫോണ്‍ സംഭാഷണത്തില്‍ താന്‍ വനിതാ കമ്മീഷന് അംഗമാണെന്ന് തിരിച്ചറിഞ്ഞ ഡ്രൈവര്‍ മാപ്പു ചോദിച്ച ശേഷം റെസ്റ്റ് ഹൗസില്‍ എത്തിച്ചുവെന്നാണ് ഷാഹിദാ കമാല്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ഇവര്‍ പൊലീസിനെ സമീപിച്ച് വിവരം പറഞ്ഞു. ഓട്ടോ നമ്പര്‍ സഹിതം നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ സിഐ ഓട്ടോ ഡ്രൈവറെ വിളിച്ച് മൊഴിയെടുത്തു. പിന്നീട് റെസ്റ്റ് ഹൗസിലെത്തിയും ഇയാള്‍ ക്ഷമാപണം നടത്തിയിരുന്നുവെങ്കിലും വനിത കമ്മീഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു.


