കാസര്‍കോട്: പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ താത്ക്കാലിക നിയമനം നല്‍കിയതിനെ ന്യായീകരിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ. സൂപ്രണ്ടും, നഴ്സിംഗ് സൂപ്രണ്ടും അടക്കമുള്ളവര്‍ അഭിമുഖം നടത്തിയാണ് ജീവനക്കാരെ തിരഞ്ഞെടുത്തത്. അതില്‍ ഒരു അസ്വാഭാവികതയുമില്ല. അവര്‍ തയ്യാറാക്കിയ പട്ടിക അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
ഭര്ത്താക്കന്മാര് പ്രതികളായാല്‍ ഭാര്യമാര്‍ക്ക് ജീവിക്കണ്ടേയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ചോദിച്ചു. ജോലിക്ക് തിരഞ്ഞെടുത്തപ്പോൾ അവരുടെ കുടുംബ പശ്ചാത്തലം പരിശോധിച്ചിരുന്നില്ലെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. താത്ക്കാലിക അടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലാണ് നിയമനം നടത്തിയത്. യാദൃശ്ചികമായിട്ടാണ് പ്രതികളുടെ ഭാര്യമാര്‍ വന്നതെന്നും, പ്രതികളുടെ ഭാര്യമാരാണെന്നൊന്നും അഭിമുഖം നടത്തിയവര്‍ക്ക് അറിയില്ലെന്നും ബേബി പറഞ്ഞു. കൊവിഡും ലോക്ക്ഡൗണ്‍ സാഹചര്യങ്ങളും ഉള്ളതിനാല്‍ പലരും വരാന്‍ മടിച്ചിരുന്നു. ഒരേപ്രദേശത്ത് നിന്നുള്ളവരായതുകൊണ്ട് ഇവരെ പരിഗണിച്ചാതാകാം എന്ന് അവർ കൂട്ടിച്ചേർത്തു.
അതേസമയം, പ്രതികളുടെ ഭാര്യമാര്‍ക്ക് അനധികൃത നിയമനം നല്‍കിയെന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇന്നലെ യൂത്ത് കോണ്‍ഗ്രസും മാര്‍ച്ച് നടത്തി. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെയാണ് വിശദീകരണവുമായി ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ തന്നെ രംഗത്തെത്തിയത്.


