സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റേത് എന്നപേരില്‍ പുറത്തു വന്ന ശബ്ദരേഖയില്‍ ജയില്‍വകുപ്പ് അന്വേഷണം. ഇന്നു തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ദക്ഷിണമേഖല ഡിഐജിക്ക് നിര്‍ദേശം നല്കി. സ്വപ്ന ജയിലില്‍ നിന്ന് ഒരുതവണ മാത്രമാണ് ഫോണ്‍ ചെയ്തതെന്നാണ് വിവരം.
മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്ന ആരോപണമാണ് ശബ്ദസന്ദേശത്തിലുള്ളത്. സ്വപ്നയുടേതെന്ന പേരില്‍ പുറത്ത് വന്ന ശബ്ദരേഖയില്‍ കേന്ദ്ര ഏജന്‍സിക്കെതിരെ ഗുരുതര ആരോപണമാണുള്ളത്.
സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘത്തില്‍ ചിലര്‍ തന്നെ നിര്‍ബന്ധിച്ചതായി ശബ്ദസന്ദേശത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയാല് കേസില്‍ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തില്‍ പറയുന്നു. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിഡ് റെക്കോര്‍ഡാണ് പുറത്തുവന്നിരിക്കുന്നത്. അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു എന്നത് ദുരൂഹമാണ്.
മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ പ്രേരിത അന്വേഷണം എന്ന സര്‍ക്കാര്‍ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ശബ്ദരേഖ. എന്നാല്‍ ശബ്ദരേഖ സ്വപ്നയുടെത് ആണോയെന്നും ആണങ്കില്‍ ആരോട് സംസാരിച്ചതാണന്നും വ്യക്തതയില്ല.
ഏത് അന്വേഷണ ഏജന്‍സിയെക്കുറിച്ചാണ് ആരോപണമെന്നോ എന്ന് പറഞ്ഞതാണെന്നോ സന്ദേശത്തിലില്ല. അതിനാല്‍ സന്ദേശം പുറത്ത് വന്നതിനൊപ്പം ഒട്ടേറെ ദുരൂഹതകളും ഉണര്‍ന്നിരിക്കുകയാണ്. മാത്രവുമല്ല, തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലുള്ള സ്വപ്നയെ ഒട്ടേറെപ്പേര്‍ സന്ദര്‍ശിക്കുന്നെന്ന ആരോപണം ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉന്നയിച്ച് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് ശബ്ദരേഖ പുറത്ത് വരുന്നത്.
എന്നാല്‍ സ്വപ്നക്ക് അഭിഭാഷകനെ ഉള്‍പ്പെടെ കാണാനും ജയില്‍ ഫോണില്‍ നിന്ന് പുറത്തേക്ക് വിളിക്കാനും അനുമതിയുണ്ട്. ഈ സമയത്ത് റെക്കോഡ് ചെയ്തതാവാമെന്നാണ് ജയില്‍ വകുപ്പിന്റെ മറുപടി.


