പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുടുംബത്തിലെ നാലു പേരെ വിഷം കൊടുത്തു കൊന്നു. പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച കേസിലാണ് പോലീസിന്റെ വഴിത്തിരിവ്. കര്‍ണാടകയിലെ ചിത്രദുര്ഗയ ജില്ലയിലാണ് സംഭവം.
2021 ജൂലൈ 12നാണ് ചിത്രദുര്‍ഗ ജില്ലയിലെ ഗോല്ലാരഹട്ടിയില് ഒരു കുടുംബത്തിലെ നാലുപേര്‍ ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റ് മരിച്ചതും ഒരാള്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്തത്.
തിപ്പ നായിക് (45), ഭാര്യ സുധ ഭായ് (40), അമ്മ ഗുണ്ടി ഭായ് (80), മകള്‍ രമ്യ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. തിപ്പ നായിക്കിന്റെ പെണ്മക്കളില് ഒരാള്‍ കീടനാശിനി റാഗി മാവില്‍ കലര്‍ത്തി അവളുടെ കുടുംബാംഗങ്ങള്‍ക്ക് വിളമ്പിയെന്നാണ് ചിത്രദുര്‍ഗ പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവശനിലയിലാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും നാലു പേരുടെ ജീവന് രക്ഷിക്കാനായില്ല. തിപ്പ നായിക്കിന്റെ മകനായ രാഹുലിനു മാത്രമാണ് ചികിത്സയ്ക്ക് ശേഷം ജീവന് തിരിച്ചു കിട്ടിയത്.
കീടനാശിനി വിഭവത്തില്‍ കലര്‍ത്തിയതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. റാഗി സാമ്പിളുകള്‍, ഭക്ഷണം തയ്യാറാക്കാനായി ഉപയോഗിച്ച അലുമിനിയം പാത്രങ്ങള്‍, മരിച്ചവരുടെ ആന്തരിക സ്രവങ്ങള്‍ എന്നിവ പൊലീസ് ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തെ അതിജീവിച്ച തിപ്പ നായിക്കിന്റെ മകന് രാഹുല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
കേസില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടി എന്‍ മധുവിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കുടുംബാംഗങ്ങള്‍ നന്നായി പെരുമാറിയിരുന്നില്ലെന്നും അവളുടെ മാതാപിതാക്കളും മറ്റുള്ളവരും നിരന്തരം ശകാരിച്ചിരുന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
എന്നാല്‍ അവളുടെ മറ്റു സഹോദരങ്ങളോട് എല്ലാവരും നന്നായി പെരുമാറുകയും ചെയ്തിരുന്നു. അവരെ കൊന്നാല്‍ ആരും അവളെ ദിവസക്കൂലിക്ക് ജോലി ചെയ്യാന്‍ അയയ്ക്കില്ലെന്നും ആരും ശകാരിക്കില്ലെന്നും പെണ്‍കുട്ടി ചിന്തിച്ചു. തുടര്‍ന്ന് അത്താഴ സമയത്ത് വിളമ്പിയ റാഗിയില്‍ അവള് കീടനാശിനി കലര്‍ത്തുകയായിരുന്നെന്നും ചിത്രദുര്‍ഗ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


