സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തൃശൂര്‍ സെഷന്‍സ് കോടതിയാണ് റാണയെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം റാണയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലേറെ പരാതികളാണ് പ്രവീണ്‍ റാണയ്ക്കെതിരെ ഉയര്‍ന്നത്. പ്രതി നൂറു കോടി രൂപ തട്ടിയതായാണ് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. നിക്ഷേപകരുടെ പണം ബിസിനസില്‍ നിക്ഷേപിച്ചുവെന്നാണ് റാണ മാധ്യമങ്ങളോട് പ്രതികരിച്ചത്.
റാണയുടെ കൂട്ടാളികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷ്ണര്‍ വ്യക്തമാക്കിയിരുന്നു. ഒളിവില്‍ കഴിയവെയായിരുന്നു റാണയെ പൊലീസ് പിടികൂടിയത്.
പ്രവീണ്‍ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എഎസ്ഐയെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. ചോരന് എന്ന ചിത്രം സംവിധാനം ചെയ്ത സാന്റോ അന്തിക്കാടിനെയാണ് സസ്പെന്റ് ചെയ്തത്. തൃശൂര്‍ റേഞ്ച് ഡിഐജിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.


