പേരൂര്‍ക്കടയില്‍ അമ്മ അറിയാതെ ദത്ത് നല്കിയ കുഞ്ഞിനെ കേരളത്തിലെത്തിക്കും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ നാട്ടിലെത്തിക്കുമെന്നാണ് ഉത്തരവ്. ഇത് സംബന്ധിച്ച് ഉത്തരവ് സിഡബ്ല്യുസി ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇന്ന് രാവിലെ 11 മണിക്ക് ഉത്തരവ് അനുപമക്ക് കൈമാറും. കരളത്തിലെത്തിച്ച ശേഷം ഡിഎന്‍എ പരിശോധന നടത്തും.
ചൊവ്വാഴ്ച അനുപമയും അജിത്തും സി.ഡബ്ള്യൂ.സിക്ക് മൊഴി നല്‍കിയിരുന്നു. സിഡബ്ല്യുസി ആവശ്യപ്പെട്ട രേഖകള്‍ ഇരുവരും ഹാജരാക്കിയിരുന്നു. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും, അജിത്തിന്റെ വിവാഹ മോചന സര്‍ട്ടിഫിക്കറ്റും സി.ഡബ്ല്യു.സിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. മൊഴി നല്കിയ ശേഷം സി.ഡബ്ല്യു.സിയും ശിശുക്ഷേമ സമിതിയും ഒത്തു കളിക്കുകയാണോ എന്ന് സംശയമുള്ളതായി അനുപമ പറഞ്ഞു.
അതേസമയം, കേസില്‍ ഒന്നാം പ്രതിയും അനുപമയുടെ അച്ഛനുമായ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നല്‍കിയെന്നാണ് അനുപമ നല്‍കിയിരിക്കുന്ന കേസ്. കേസില്‍ അനുപമയുടെ അമ്മ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. കേസന്വേഷണം അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനിടെയാണ് ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ആരോപണ വിധേയരെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്ന ആവശ്യവുമായി ശിശുക്ഷേമ സമിതിക്കു മുന്‍പിലുള്ള അനുപമയുടെ സമരം തുടരുകയാണ്. ഇതിനിടെയാണ് കുഞ്ഞിനെ നാട്ടിലെത്തിക്കുമെന്ന ഉത്തരവ് പുറത്തുവരുന്നത്.


