കോഴിക്കോട് മെഡിക്കല്‍ കോളേജ് ആക്രമണത്തില്‍ അന്വേഷണത്തോട് സഹകരിക്കാതെ പ്രതികള്‍. പ്രതികള്‍ സഹകരിക്കാത്തതിനാല്‍ തെളിവെടുപ്പും നടന്നില്ല. സുരക്ഷാ ജീവനക്കാരെ ചവിട്ടാനുപയോഗിച്ച ചെരുപ്പുകള്‍ ഇതുവരെ അന്വേഷണോദ്യോഗസ്ഥര്‍ക്ക് കണ്ടെടുക്കാനായില്ല. ഏഴ് മണിക്കൂര്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടും പ്രതികള്‍ സഹകരിക്കാന്‍ തയ്യാറായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കസ്റ്റഡി സമയം അവസാനിക്കും മുന്‍പ് പ്രതികളായ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയും കോടതിയില്‍ ഹാജരാക്കി.
അതേസമയം കോഴിക്കോട് സിറ്റി കമ്മീഷണര്‍ എ.അക്ബറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന് രംഗത്തെത്തി. ”ഒരു ഘട്ടത്തിലും പ്രതികളെ പിടികൂടുന്നതില്‍ പാര്‍ട്ടി ഇടപെടില്ല. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ മറവില്‍ വീടുകളില്‍ എത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ പിന്നാലെ പോയി വരെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നു. ‘പ്രസവിച്ചാല്‍ കുട്ടിയെ അച്ഛനെ കാണിക്കില്ല’ എന്നും പൊലീസുകാര്‍ ഭീഷണിപ്പെടുത്തി. കമ്മീഷണര്‍ അനാവശ്യമായി ഇടപെടുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്”. പി മോഹനന് പറഞ്ഞു.
ഒരു പ്രതികളെയും സി.പി.എം, ഡി.വൈ.എഫ്.ഐ നേതൃത്വം ഒളിവില്‍ പാര്‍പ്പിച്ചിട്ടില്ല. അങ്ങനെ ഒളിവില്‍ പാര്‍പ്പിച്ചാല്‍ പൊലീസിന് അവരെ കണ്ടെത്താന്‍ കഴിയില്ലെന്നും മോഹനന് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.