കെ.എം. ഷാജിയുടെ വിവാദ വീടിന് പുതിയ അവകാശികള്‍ വന്നതില്‍ വിജിലന്‍സ് കോഴിക്കോട് കോര്‍പ്പറേഷനില്‍ നിന്ന് വിശദീകരണം തേടി. നിര്‍മാണം ക്രമപ്പെടുത്താന്‍ കെ.എം. ഷാജിയുടെ ഭാര്യ ആശയാണ് പുതിയ അവകാശിളെക്കൂടി ചേര്‍ത്ത് അപേക്ഷ നല്‍കിയത്. അലി അക്ബര്‍, അഫ്സ എന്നിവരെ ചേര്‍ത്താണ് അപേക്ഷ നല്‍കിയത്.
അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് കെ.എം. ഷാജിയുടെ മാളൂര്‍കുന്നിലെ വീടിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിജിലന്‍സ് ആരാഞ്ഞത്. ക്രമപ്പെടുത്താനായി കെ.എം. ഷാജിയുടെ ഭാര്യ ആശ ഷാജി കോര്‍പ്പറേഷനില്‍ നല്കിയ അപേക്ഷയില്‍ അലി അക്ബര്‍, അഫ്സ എന്നിവരെക്കൂടി ചേര്‍ത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു വിജിലന്‍സിന്റെ ആവശ്യം. വിശദമായ റിപ്പോര്‍ട്ട് നല്‍കിയെന്ന് കോര്പ്പറേഷന് സെക്രട്ടറി അറിയിച്ചു.
മാളൂര്‍കുന്നിലെ വീട് അളവെടുത്തപ്പോള്‍ അനധികൃത നിര്‍മാണം നടന്നുവെന്ന് കണ്ടെത്തിയിരുന്നു. അടുക്കള ഭാഗം അടുത്തുള്ള പറമ്പിലേയ്ക്ക് നീണ്ടിരുന്നു. ഇക്കാരണം കൊണ്ട് വീടിനുള്ള അനുമതി കോര്പ്പറേഷന് നിഷേധിച്ചു. തുടര്‍ന്ന് നല്കിയ പുതിയ അപേക്ഷയിലാണ് വീടിന്റെ ചില ഭാഗങ്ങള്‍ നീണ്ട ഭൂമിയുടെ ഉടമസ്ഥരെക്കൂടി അവകാശികളായി ചേര്‍ത്ത് ക്രമപ്പെടുത്താനായി അപേക്ഷിച്ചത്.
വിശദമായി പരിശോധിച്ച ശേഷമേ അപേക്ഷയിന്മേല് തീരുമാനമെടുക്കൂ എന്ന് കോര്പ്പറേഷന് അറിയിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കെ.എം. ഷാജിയെ രണ്ട് തവണ ചോദ്യം ചെയ്തതിന് തൊട്ടു പിന്നാലെയാണ് വിജിലന്‍സിന്റെ നടപടി.