അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന കേസില്‍ ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ദിലീപിന്റേത് അടക്കം ആറ് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയത്.
പ്രതികളെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. ചോദ്യം ചെയ്യലിനൊ, പരിശോധനകള്‍ക്കോ, റെയ്ഡിനോ ഒരു തരത്തിലുള്ള വിലക്കും കോടതി ഏര്‍പ്പെടുത്തിയിട്ടില്ല. കസ്റ്റഡിയില്‍ എടുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും തടസങ്ങളില്ല. അറസ്റ്റ് ചെയ്യുന്നതിനുള്ള തടസം മാത്രമാണ് നിലവിലുള്ളത്. അത് പ്രോസിക്യൂഷന് തന്നെ കോടതിയെ അറിയിച്ചതാണ്. ഇതില്‍ നിന്നും വ്യകതമാകുന്നത് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനും വിവരങ്ങള്‍ ശേഖരിക്കാനും കൂടുതല്‍ റെയ്ഡ് ഉള്‍പ്പെടെയുള്ളവ ഇനിയും നടക്കും എന്നതാണ്.
കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ ‘വിഐപി’ ശരത് ജി നായര്‍ തന്നെയെന്ന് സ്ഥിരീകരണം. പ്രതി ദിലീപിന്റെ സുഹൃത്താണ് അങ്കമാലി സൂര്യ ഹോട്ടല്‍സ് ഉടമയായ ശരത് ജി നായര്‍.
ആലുവ സ്വദേശി ശരത് ജി നായരെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ശര്ത്തിന്റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാമ്പിളുകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു. ബാലചന്ദ്രകുമാര്‍ നല്കിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം ശരത്തിന്റേതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.