പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭയില്‍ ഗുണ്ടകളിറങ്ങിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൗണ്‍സില്‍ യോഗത്തിന് സംരക്ഷണത്തിനായി കൊച്ചിയിലെ ഗുണ്ടാസംഘങ്ങള്‍ പെരുമ്പാവൂരിലെത്തിയത് യാദൃശ്ചികമല്ലെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. സംഭവത്തില്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെയും വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പൊലിസ് അനവേഷണം ഊര്‍ജ്ജിതമാക്കി.
ചൊവ്വ രാവിലെ 10.30 ന് ചേരേണ്ട കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായിട്ടാണ് നഗരസഭ വളപ്പില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. രാവിലെ ഏട്ടു മുതല്‍ സെക്രട്ടറിയെ തടയുന്നത് നേരിടാന്‍ പുറമെ നിന്നും എത്തിയ സംഘങ്ങള്‍ ഓഫീസിനകത്തും പുറത്തുമായി തമ്പടിച്ചിരുന്നു. നഗരസഭയിലെ സംഘര്‍ഷാവസ്ഥയുടെ വിവരമറിഞ്ഞ് പെരുമ്പാവൂര്‍ പൊലീസ് എത്തിയതോടെ ഉന്നതന്റെ ഫോണ്‍വിളിയില്‍ പുറമേ നിന്നെത്തിയവര്‍ സ്ഥലം വിട്ടു. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് സക്കീര്‍ഹുസൈന്‍ നഗരസഭ ചെയര്‍മാനായ ഭരണപക്ഷത്തിനെതിരെ ഒപ്പമുള്ളവര്‍ തന്നെയാണ് പാര്‍ട്ടിക്കും പൊലിസിനും ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. അതും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായവര്‍ തന്നെ പരാതിയുമായി നേരിട്ടെത്തി. ഇത് വിഷയത്തില്‍ ഇടപെടല്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളേയും വലക്കുകയാണ്.
നഗരസഭയിലെ കോണ്‍ഗ്രസിലെ ചേരിപ്പോര് സംഘര്‍ഷത്തിലേക്ക് മുന്‍പ് പലവട്ടം എത്തിയെങ്കിലും പറഞ്ഞൊതുക്കുകയായിരുന്നു പതിവ്. ഇക്കുറി പതിവ് തെറ്റി.
കൗണ്‍സില്‍ യോഗത്തിലേക്ക് സെക്രട്ടറിയെത്തിയാല് തടയാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. നേരിടാനായി ചെയര്‍മാന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടത്തി. എതിര് ഗ്രൂപ്പിലെ കൗണ്‍സിലര്‍മാരെ നേരിടാന്‍ മട്ടാഞ്ചേരിയില്‍ നിന്നും ഗുണ്ടകളെ ഇറക്കിയെന്നാണ് ഒരു വിഭാഗം ഭരണപക്ഷ അംഗങ്ങള്‍ ആരോപിക്കുന്നത്. ഗുണ്ടകളെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിലെ മുതിര്‍ന്ന അംഗം പോള്‍ പാത്തിക്കല്‍, ബിജു ജോണ്‍ എന്നിവര്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്കി. ഇതിനിടെ ഇതു സംബന്ധിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസും റിപ്പോര്‍ട്ട് നല്‍കിയതോടെ നഗരസഭയില്‍ ചെയര്‍മാനെതിരെ കുരുക്ക് മുറുക്കിയിരിക്കെയാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍.
ജനകീയ അടുക്കളയുടെ പ്രശ്നത്തിലും, അനധികൃതമായി കെട്ടിടം നിര്‍മ്മിച്ച ഉടമയെ സഹായിച്ച സെക്രട്ടറിക്കെതിരെയുള്ള നടപടി ആവശ്യം ചര്‍ച്ച ചെയ്യുന്നതിനും കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. മുനിസിപ്പല്‍ ഓഫീസ് വളപ്പില്‍ യുഡിഎഫ് കൗണ്‍സിലര്‍ നടത്തിക്കൊണ്ടിരുന്ന ജനകീയ അടുക്കള അടച്ചു പൂട്ടിയിരുന്നു. അടുക്കള പുനരാരംഭിക്കാനുള്ള ചര്‍ച്ച നടത്താന്‍ എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതാണ് വിവാദമായത്.
സെക്രട്ടറി തിരുവനന്തപുരത്ത് യോഗത്തിന് പോയതിനാല്‍ കൗണ്‍സില്‍ യോഗത്തിന് എത്തില്ലെന്ന് എല്ലാവര്ക്കു മുന്‍കൂട്ടി അറിയാമായിരുന്നെന്നും ഗുണ്ടകളെ ഇറക്കേണ്ട ആവശ്യമില്ലന്നുമാണ് ചെയര്മാന് പറയുന്നത്.


