പെണ്‍കുട്ടിയുടെ കരള്‍ തിന്നാല്‍ കുട്ടികളുണ്ടാകുമെന്ന വിശ്വാസത്തില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആറ് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. ദീപാവലി ദിവസം രാത്രിയാണ് പെണ്‍കുട്ടിയെ കണാതായത്. ഞായറാഴ്ച രാവിലെ വയല്‍പാടത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ വയറ് പിളര്‍ന്ന് കരളും മറ്റ് ആന്തരിക അവയവങ്ങളും നീക്കം ചെയ്ത നിലയിലായിരുന്നു. ദുര്‍മന്ത്രവാദത്തിന് വേണ്ടിയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും ബലാത്സംഗത്തിനു ഇരയായതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടേ നാല് പേര് അറസ്റ്റിലായി. 1999 ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് കുട്ടികളില്ല. പെണ്‍കുട്ടിയുടെ കരള്‍ തിന്നാല്‍ കുട്ടികളുണ്ടാകുമെന്ന വിശ്വാസത്തില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി കരള്‍ പിഴുതെടുക്കാന്‍ കൊട്ടേഷന്‍ നല്‍കുകയായിരുന്നു. ദീപാവലി ഒരുക്കങ്ങള്‍ക്കിടെ ഗ്രാമത്തിലെ കര്‍ഷകനായ കരണ്‍ സങ്‍വാറിന്റെ മകളെ ശനിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് ബന്ധുക്കള്‍ സമീപത്തെ വനപ്രദേശങ്ങളിലടക്കം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേ ദിവസം ചില ഗ്രാമവാസികളാണ് വഴിയരികില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
പെണ്‍കുട്ടിയുടെ ഗ്രാമത്തിലെ കുട്ടികളില്ലാത്ത ദമ്പതികള്‍ കുട്ടിയുടെ അയല്‍വാസികളായ രണ്ട് പുരുഷന്മാര്ക്ക് 1,000 രൂപ നല്‍കിയെന്ന് പൊലീസ് പറഞ്ഞു. ഇവരാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മദ്യപിച്ചിരുന്ന ഇവര്‍ കുട്ടിയെ പീഡിപ്പിക്കാനും ശ്രമിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കരള്‍ അറുത്ത് മാറ്റി മന്ത്രവാദത്തിനായി ദമ്പതികള്‍ക്ക് നല്കി. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ അങ്കുര്‍, ബീരാന് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അങ്കുറിന്റെ അമ്മാവനായ പരശുരാം എന്നയാള്‍ കുറച്ച് പണം നല്‍കിയെന്ന് അവര്‍ പറഞ്ഞതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ബ്രജേഷ് ശ്രീവാസ്തവ പറഞ്ഞു. 1999ല്‍ വിവാഹിതനായ പരശുറാമിന് മക്കളില്ല.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അതിവേഗ കോടതിയില്‍ കേസ് പരിഗണിക്കുമെന്നും അതിനാല്‍ പ്രതികള്‍ക്ക് എത്രയും വേഗം ശിക്ഷ ലഭിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.


