നയതന്ത്ര പാഴ്സല്‍ വഴി മത ഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫിസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. രാവിലെ ആറ് മണിക്കാണ് മന്ത്രി എന്‍ഐഎ ഓഫിസിലെത്തിയത്. സ്വകാര്യ വാഹനത്തിലാണ് മന്ത്രി എത്തിയത്.
സ്വപ്നാ സുരേഷനും, യുഎഇ കോണ്‍സുലേറ്റ് ജനറലുമായി ബന്ധമെന്താണ് എന്നാണ് അന്വേഷണ ഏജന്‍സി പ്രധാനമായും അന്വേഷിക്കുന്നത്. നേരത്തെ റംസാന് കിറ്റ് വിതരണ സമയത്ത് സ്വപ്നാ സുരേഷിനെ വിളിച്ചിരുന്നു എന്നാണ് മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ നിലവില്‍ മൂന്ന് പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ സ്വപ്നാ സുരേഷിനെ വിളിച്ചിരുന്നു എന്നാണ് കെ.ടി ജലീലിന്റെ മൊഴി. 16 തവണയാണ് കോളുകള്‍ എങ്കിലും, വാട്സ് ആപ്പ് കോളുകളുടേയും, ചാറ്റുകളുടേയും കണക്ക് പുറത്തുവന്നിട്ടില്ല. ഇതാദ്യമായാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്.
ദേശീയ അന്വേഷണ ഏജന്‍സിയും മന്ത്രി കെ.ടി ജലീലിനെ ചോദ്യംചെയ്യുന്ന സാഹചര്യത്തില്‍ ജലീലിന്റെ രാജിക്കായി സര്‍ക്കാരിന് മേല്‍ പ്രതിപക്ഷം സമ്മര്‍ദം ശക്തമാക്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ 11 മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യംചെയ്യലിനു പിന്നാലെ എന്‍ഐഎയുടെ ചോദ്യംചെയ്യലിനും വിധേയനാകുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ രാജിയാവശ്യം ശക്തമായി ഉന്നയിച്ച് രംഗത്തെത്തയിട്ടുണ്ട്.
ജലീലിനെ എന്‍ഐഎ ചോദ്യംചെയ്യാന്‍ വിളിച്ചതായുള്ള വാര്‍ത്ത പുറത്തുവന്ന ഉടന്‍തന്നെ പ്രതിപക്ഷവും ബിജെപിയും ജലീലിന്റെ രാജി എന്ന ആവശ്യം ശക്തമായുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ നല്കുന്ന സൂചന.
ഇനിയും കൂടുതല്‍ നാണം കെടാന്‍ നില്‍ക്കാതെ മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്‍.ഐ.എ ഓഫീസില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ടാകണം ജലീല്‍ ഇറങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിലെ രണ്ട് ഏജന്‍സികള്‍ക്കും ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ബോധ്യമായിട്ടുണ്ടെന്നും ഇതോടെ ജലീല്‍ സ്വര്‍ണം കടത്തിയെന്ന ബിജെപിയുടെ ആരോപണം സ്ഥിരീകരിച്ചിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു. അടിയന്തരമായി മുഖ്യമന്ത്രി ജലീലിനെ രാജിവെപ്പിക്കണം. ഇല്ലെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ ആളുകള്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ തേടുന്നു എന്നതിന്റെ പേരില്‍ രാജിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. ജലീലിന്റെ രാജി എന്ന ആവശ്യം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനും രംഗത്തെത്തി. ഒരു തരത്തിലുമുള്ള നിയമലംഘനങ്ങള്‍ നടത്തിയിട്ടില്ലെന്ന് ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏത് ഏജന്‍സിയ്ക്കും അന്വേഷണം നടത്താം. അവര്‍ ചോദിക്കുന്നതില്‍ അറിയുന്ന കാര്യം പറയും. ഇക്കാര്യത്തില്‍ ഒരു ആശങ്കയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.


