സോളര്‍ കേസില്‍ സിബിഐ അന്വേഷണത്തില്‍ ഭയമില്ലെന്ന് ഉമ്മന്‍ചാണ്ടി. ഇടത് സര്‍ക്കാരിന് ഒരു നടപടിയും സ്വീകരിക്കാനായില്ലെന്നും നിയമപരമായി നേരിടുമെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു. സോളര്‍ പീഡനക്കേസ് സി.ബി.ഐ ഏറ്റെടുത്തു. ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന് എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബി.ജെ.പി നേതാവ് എ.പി. അബ്ദുള്ളക്കുട്ടിക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര് കോടതിയില്‍ നല്കി.
തെളിവില്ലെന്ന് വിവിധ അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്കിയ കേസ്, സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമാണ് സി.ബി.ഐ ഏറ്റെടുക്കുന്നത്. കേരളത്തില്‍ രാഷ്ട്രീയ വിവാദം തീര്‍ത്ത സോളര്‍ കേസ് ഇനി കേന്ദ്ര ഏജന്‍സിയുടെ കയ്യില്‍.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലെ പ്രമുഖന് കെ.സി.വേണുഗോപാലുമടക്കം അഞ്ച് കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടിയും പ്രതിപ്പട്ടികയില്‍. ആറ് നേതാക്കള്‍ക്കുമെതിരെ ആറ് വ്യത്യസ്ത കേസുകളെടുത്ത സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് മുന്‍ മന്ത്രി എ.പി.അനില്‍കുമാറിനെതിരായ എഫ്.ഐ.ആര് എറണാകുളം സി.ജെ.എം കോടതിയിലും മറ്റുള്ളവര്ക്കെതിരെയുള്ളത് തിരുവനന്തപുരത്തുമാണ് നല്‍കിയത്.
കുറ്റകൃത്യം നടന്നതായി പരാതിയില്‍ ആരോപിക്കുന്ന സ്ഥലം അനുസരിച്ചാണിത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ, 2012ലെ വിവിധ ദിവസങ്ങളിലായി മന്ത്രിമന്ദിരങ്ങളിലും എം.എല്‍.എ ഹോസ്റ്റലിലും വിവിധ ഹോട്ടലുകളിലുമായി പീഡിപ്പിച്ചെന്നതാണ് പരാതിയുടെ കാതല്‍.
ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നെങ്കിലും കാര്യമായൊന്നും ചെയ്തിരുന്നില്ല. കേസെടുക്കാനാവില്ലെന്ന് അന്വേഷണ സംഘത്തലവന്മാരായിരുന്ന ഡി.ജി.പി രാജേഷ് ദിവാനും ഇന്നത്തെ ഡി.ജി.പി അനില്‍കാന്തും റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഒടുവില്‍ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്, ജനുവരി 24ന് സംസ്ഥാന സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറി.
ആ ഉത്തരവിനൊപ്പം ആഭ്യന്തര സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടില്‍ പോലും ഉമ്മന്‍ചാണ്ടിക്ക് ക്ളീന്‍ ചിറ്റായിരുന്നു. മറ്റുള്ളവര്‍ക്കെതിരെ തെളിവ് ശേഖരിക്കുന്നുവെന്നുമായിരുന്നു വിശദീകരണം.
എന്നാല്‍ ആറര മാസത്തെ പ്രാഥമിക വിലയിരുത്തലിന് ശേഷം കേസ് ഏറ്റെടുക്കാന്‍ സി.ബി.ഐ തീരുമാനിക്കുകയായിരുന്നു. കേസ് എടുത്തെങ്കിലും നേതാക്കള്‍ക്കെതിരെ തിടുക്കപ്പെട്ട് നടപടിയുണ്ടായേക്കില്ല. 9 വര്‍ഷം മുന്‍പ് നടന്നതായി പറയുന്ന കുറ്റകൃത്യത്തില്‍ ശാസ്ത്രീയ തെളിവുകളോ ഫോണ്രേഖകളോ ലഭ്യമല്ല. ക്രൈംബ്രാഞ്ചില്‍ നിന്ന് കേസ് ഡയറി വാങ്ങി പരാതിക്കാരിയുടെ മൊഴിയും പരിശോധിച്ച ശേഷമാവും തെളിവ് ശേഖരണത്തിലേക്ക് കടക്കുക.