മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമൊത്ത് മൂന്ന് തവണ വിദേശയാത്ര നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. താന്‍ മൂന്നു പ്രാവശ്യം ശിവശങ്കറിനൊപ്പം വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണം ലോക്കറില്‍ സൂക്ഷിച്ചതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ സ്വപ്ന വെളിപ്പെടുത്തി.
2017 ഏപ്രിലില്‍ സ്വപ്നയുമൊന്നിച്ച് യുഎഇയിലക്ക് യാത്ര ചെയ്തെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. അതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിഷയവുമായി ബന്ധപ്പെട്ട് 2018 ഒക്ടോബറില്‍ യാത്ര ചെയ്തിരുന്നതും നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ 2018 ഏപ്രിലില്‍ ഇരുവരും ഒരുമിച്ച് യാത്ര ചെയ്തത് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം അവര്‍ക്ക് ചോദ്യം ചെയ്യലില്‍ സമ്മതിക്കേണ്ടി വന്നു.
സ്വര്‍ണം സൂക്ഷിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമൊന്നിച്ച് ബാങ്ക് ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്നും സ്വപ്ന സമ്മതിച്ചതായും എന്‍ഫോഴ്സ്മെന്റ് കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്ക് എം. ശിവശങ്കറുമായുള്ള ബന്ധത്തെക്കുറിച്ച് ഇഡി കഴിഞ്ഞ ദിവസം കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. സ്വപ്നയുടെ ദുരൂഹ ഇടപാടുകളെ സംബന്ധിച്ച വിവരങ്ങള്‍ എം. ശിവശങ്കറിന് അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
അതേസമയം സ്വപ്ന സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലാകും മുമ്പ് വിദേശ കറന്‍സി രാജ്യത്തിന് പുറത്തെത്തിക്കുന്നതിന് എം. ശിവശങ്കറിന്റെ സഹായം തേടിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ജൂണില്‍ വിദേശത്തേക്കു പോയ വന്ദേഭാരത് വിമാനങ്ങളില്‍ അഞ്ച് വിദേശികള്‍ക്ക് ടിക്കറ്റ് ഉറപ്പാക്കാന്‍ സ്വപ്ന ശിവശങ്കറിന്റെ സഹായം തേടിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യം ശിവശങ്കര്‍ വിമാനക്കമ്പനിയോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വിദേശ ലോക്ഡൗണില്‍ കുടുങ്ങിയ യുഎഇ പൗരന്മാരെ കയറ്റിവിടാനാണ് സഹായിച്ചത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാല്‍ കയറിപ്പോയത് വിദേശികളല്ലെന്നാണ് കണ്ടെത്തയിട്ടുള്ളത്. എട്ട് ബാഗേജുകളും ഇവര്‍ കടത്തിയിട്ടുണ്ടെന്നും കാര്യമായ പരിശോധനയില്ലാതെയാണ് ഇത് കടത്തിയതെന്നും വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് വിഭാഗം അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ശിവശങ്കര്‍ നല്കിയ ഉത്തരങ്ങളില്‍ പലതിലും അവ്യക്തത ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അടുത്ത ശനിയാഴ്ചയ്ക്കുള്ളില്‍ ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ഒരിക്കല്‍ കൂടി ചോദ്യം ചെയ്തേക്കും.