കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് വിമാന കമ്പനികള്‍ക്ക് കസ്റ്റംസ് നോട്ടിസ് അയച്ചു. യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് നോട്ടീസ് നൽകിയത്. സാധാരണ കാര്‍ഗോയെ നയതന്ത്ര കാര്‍ഗോ ആക്കിയത് വിമാന കമ്പനികൾ ആണെന്നാണ് കസ്റ്റംസ് വിശദീകരണം. കേസ് അന്വേഷണത്തിന്റെ ഭാഗമായി കോണ്‍സല്‍ ജനറല്‍, സ്വപ്ന സുരേഷ്, ശിവശങ്കര്‍ ഉള്‍പ്പടെ 52 പേര്‍ക്ക് കൂടി കസ്റ്റംസ് നോട്ടീസ് നല്‍കുമെന്നാണ് വിവരം. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കസ്റ്റംസ് കാരണംകാണിക്കൽ നോട്ടിസ് നൽകുന്നത്.
നയതന്ത്ര ബാഗേജിലാണ് സ്വര്‍ണം കടത്തിയിരുന്നതെന്ന് നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. കോണ്‍സല്‍ ജനറലിന്റെ ഒരു കത്തോടു കൂടിയാണ് ഇവ വിമാന താവളത്തിൽ എത്തിച്ചിരുന്നത്. വിമാന താവളത്തില്‍ വരുമ്പോൾ ഇവ ഡിപ്ലോമാറ്റിക് കാര്‍ഗോയാണെന്ന് പറഞ്ഞിരുന്നില്ല. കോണ്‍സല്‍ ജനറലിന്റെ കത്തിലും ഇക്കാര്യം രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ കാര്‍ഗോകളെ നയതന്ത്ര കാര്‍ഗോകളാക്കി വിമാന കമ്പനികൾ മാറ്റുകയായിരുന്നു.
സ്വര്‍ണം ആറാംതവണ കടത്തിയ സമയത്ത് വിദേശത്ത് നിന്ന് ഈ കാര്‍ഗോ പരിശോധിച്ചപ്പോള്‍ ആണ് പിടിച്ചെടുത്തത്. കസ്റ്റംസ് അടക്കമുളള ഏജന്‍സികളോട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. എന്നാൽ റിപ്പോർട്ട് ചെയ്യുന്നതിന് പകരം വിമാന കമ്പനികൾ സ്വര്‍ണം കൊണ്ടുവന്നയാള്‍ക്ക് തന്നെ തിരികെ നല്‍കുകയായിരുന്നു.


