അട്ടപ്പാടി മധു വധക്കേസില്‍ മുപ്പതിയാറാം സാക്ഷി അബ്ദുള്‍ ലത്തീഫ് കൂറുമാറി. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 21 ആയി. മധു കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് കോടതിയില്‍ സാക്ഷി പറഞ്ഞു. ദൃശ്യങ്ങളിലുള്ളത് താനല്ലെന്നാണ് അബ്ദുള്‍ ലത്തീഫിന്റെ വാദം. ദൃശ്യങ്ങളും സാക്ഷിയുടെ പാസ്പോര്‍ട്ടിലെ ഫോട്ടോയും ഫോറന്‍സിക് പരിശോധനയ്ക്ക് വിടണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം സാക്ഷി കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്.
കേസില്‍ മുന്‍പ് കൂറുമാറിയ സാക്ഷി സുനില്‍ കുമാറിന്റെ കാഴ്ചശക്തി പരിശോധിച്ച ഡോക്ടറെ വിസ്തരിക്കാനും കോടതി തീരുമാനിച്ചു. നാളെയാകും വിസ്താരം നടക്കുക. നാളെ ഹാജരാകാന്‍ ഡോക്ടര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
സാക്ഷി വിസ്താരം തുടങ്ങിയപ്പോള്‍ തന്നെ 36-ാം സാക്ഷി അബ്ദുള്‍ ലത്തീഫ് പൂര്‍ണമായി നിസഹകരിക്കുന്ന സമീപനമാണ് ഇന്ന് കോടതിയില്‍ സ്വീകരിച്ചത്. മധു ആക്രമിക്കപ്പെട്ട സംഭവം തനിക്ക് അറിയില്ല എന്നായിരുന്നു അബ്ദുള്‍ ലത്തീഫിന്റെ നിലപാട്. തുടര്‍ന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു .
36-ാം സാക്ഷി അബ്ദുള്‍ ലത്തീഫിന്റെ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. കോടതിയില്‍ കാണിച്ച ദൃശ്യങ്ങളില്‍ താനല്ലെന്ന് സാക്ഷി ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഇത്. അതേസമയം പ്രതിഭാഗം കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയാണെന്നും ഇതു തടയാന്‍ വിചാരണ നടപടികള്‍ ചിത്രീകരിക്കരിക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു
എന്നാല്‍ ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. ഇതൊടെ അബ്ദുല്‍ ലത്തീഫിന്റെ പാസ്പോട്ടിലെ ഫോട്ടോയും, ദൃശ്യങ്ങളും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപെട്ടു. ഇക്കാര്യത്തില്‍ നാളെ ഹര്‍ജി നല്‍കും. മധുവിന്റെ അമ്മ മല്ലി, സഹോദരി ചന്ദ്രിക, സഹോദരി ഭര്‍ത്താവ് മുരുകന് എന്നിവരുടെ സാക്ഷിവിസ്താരം തിങ്കളാഴ്ച്ച നടക്കും.
മൊഴി നല്കിയ സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നത് നിയമ വിരുദ്ധമാണെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം തള്ളിയാണ് 29ാം സാക്ഷി സുനില്‍ കുമാറിനെ കോടതി ഇന്നലെ വീണ്ടും വിസ്തരിച്ചത്. കാഴ്ചാപരിമിതിയുണ്ടെന്ന തരത്തില്‍ കോടതിയെ കബളിപ്പിച്ചതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാക്ഷിക്കെതിരെ പ്രോസിക്യൂഷന് നല്കിയ ഹരജിയില്‍ പ്രാഥമിക വാദവും ഇന്നലെ നടന്നു. ഇന്ന് വിശദമായ വാദം കോടതിയില്‍ നടക്കും.
വാഗ്വാദങ്ങള്‍ക്കൊടുവില്‍ നേരത്തെ കാണിച്ച ദൃശ്യത്തിലുളളത് താനാണെന്നും മധു മര്‍ദ്ദനമേറ്റിരിക്കുന്നത് കണ്ടിരുന്നുവെന്നും സുനില്‍കുമാര്‍ കോടതിയില്‍ പറഞ്ഞു. ഇന്നലെ മാത്രം നാല് സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.


