പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കണം. സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കേസുമായി ബന്ധപ്പെട്ട് ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. ഒറ്റ എഫ്ഐആര്‍ ഇടാനുള്ള ഡിജിപിയുടെ ഉത്തരവാണ് മരവിപ്പിച്ചത്. ഓരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടച്ചിടണമെന്നും കോടതി ആവശ്യപ്പെട്ടു. എല്ലാ ജില്ലാ കളക്ടര്‍മാരും ജില്ലയിലെ പോപ്പുലര്‍ ബ്രാഞ്ചുകള്‍ ഏറ്റെടുത്ത് മുദ്രവയ്ക്കണം. സ്വര്‍ണവും പണവും പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
കേസിന്റെ അന്വേഷണം സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസിലെ പ്രധാന പ്രതികളെയെല്ലാം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തെന്നും, പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനം റെയ്ഡ് ചെയ്ത് കമ്പ്യൂട്ടര്‍ അടക്കമുള്ളവ പിടിച്ചെടുത്തതായും സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കണമെന്ന് പറഞ്ഞ കോടതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു.


