തിരുവനന്തപുരം: പിതാവില്‍ നിന്നും ആണ്‍കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച ട്രാന്സ്വുമണ് റിമാന്‍ഡില്‍. തിരുവനന്തപുരം പഴവങ്ങാടിയിലാണ് സംഭവം. നെട്ടയം സ്വദേശി ബിനോയ് എന്ന നീതു നായരെയാണ് മലമ്പുഴ സ്പെഷ്യല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തത്.
ഞായറാഴ്ച വൈകിട്ടോടെ സര്‍ക്കസ് കാണാന്‍ എത്തിയതായിരുന്നു നാലാഞ്ചിറ സ്വദേശിയായ പ്രസാദും കുടുംബവും. അപ്പോഴാണ് സംഭവം നടന്നത്. പ്രസാദിനെ ആക്രമിച്ചാണ് രണ്ട് വയസുകാരനെ ട്രാന്സ്വുമണ് തട്ടിയെടുക്കാന്‍ നോക്കിയത്. തുടര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഫോര്‍ട്ട് പോലീസ് നീതുവിനെ അറസ്റ്റ് ചെയ്തിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് പ്രസാദിന് പരിക്കേറ്റു. ഇതിനു മുമ്പ് നീതു കിഴക്കേകോട്ടയിലെ പൂക്കടയില്‍ ജോലി ചെയ്യുന്നയാളിന്റെ ചെവി കടിച്ചു മുറിച്ചിരുന്നതായി പോലീസ് അറിയിച്ചു. എന്നാല്‍ ഈ സംഭവത്തില്‍ പരാതിയില്ലാത്തതിനാല്‍ കേസെടുത്തിരുന്നില്ല. പിടിയിലായ നീതു സ്ഥിരം പ്രശ്നക്കാരിയും അക്രമകാരിയുമാണെന്നും അമിതമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് അറിയിച്ചു.