സന്ദീപ് നായരുടെ മൊഴി ഗുരുതരമാണെന്നും വിചാരണ കോടതി നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി. പൊലീസിന് നേരിട്ട് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന കുറ്റകൃത്യങ്ങള്ക്കല്ല കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് വിലയിരുത്തിയാണ് ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച് കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയത്. സന്ദീപ് നായര്‍ ക്രൈം ബ്രാഞ്ചിന് നല്കിയ മൊഴി ഗുരുതരമാണെന്നും വിചാരണ കോടതി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇഡി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലിരിക്കെ ഭീഷണിപ്പെടുത്തിയെന്ന പരാതി വിചാരണ കോടതി മുമ്പാകെ സന്ദീപ് ഉന്നയിച്ചതായും കോടതി പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ശേഖരിച്ച രേഖകളും തെളിവുകളും മുദ്രവച്ച കവറില്‍ വിചാരണ കോടതിക്ക് കൈമാറാനും നിര്‍ദ്ദേശമുണ്ട്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് സ്വപ്ന സുരേഷിനെയും ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഇഡിക്കെതിരെ രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിന്റേയോ കോടതിയുടേയോ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പരാതിപ്പെട്ട് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റീസ് വി ജി അരുണിന്റെ നടപടി.


