തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് വലിച്ചിഴച്ചു ക്രൂരമായി മര്‍ദിച്ചെന്നും, പൊലീസ് നോക്കി നിന്നെന്നും തിരുവനന്തപുരം ലോ കോളജില്‍ ആക്രമണത്തിനിരയായ കെഎസ്യു പ്രവര്‍ത്തക സഫ്ന. കോളജിലെ അക്രമത്തിന് ശേഷം വീടുകയറിയുള്ള മര്‍ദനത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് തലയ്ക്കും കാലിനും പരിക്കേറ്റു. കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ 2 കേസുകളും, എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പേരില്‍ ഒരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു.
ലോ കോളേജില്‍ ഇന്നലെ കൂട്ടം ചേര്‍ന്നുണ്ടായ ആക്രമണം പെട്ടെന്നുള്ള പ്രകോപനത്തില്‍ നിന്നല്ലെന്നു വ്യക്തമാക്കുകയാണ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്ന. എസ്എഫ്ഐയില്‍ നിന്ന് മുന്‍പും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ട്. അന്നും നടപടികളുണ്ടായിട്ടില്ല. കൂട്ടം ചേര്‍ന്ന് ക്രൂരമായാണ് ആക്രമിച്ചതെന്നും സഫ്ന പറയുന്നു.
കോളേജിലെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം കെഎസ്യു പ്രവര്‍ത്തകരുടെ വീടുകള്‍ കയറി ഭീഷണിയും ആക്രമണവുമുണ്ടായി. ദേവനാരായണനെന്ന വിദ്യാര്‍ത്ഥിക്ക് കഴുത്തിനും, ജിയോ എന്ന വിദ്യാര്‍ത്ഥിക്ക് കാലിനും പരിക്കുണ്ട്. എസ്എഫ്ഐ ഭാരവാഹികള്‍ വരെ മര്‍ദിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ദേവനാരായണന് പറയുന്നു.
വിദ്യാര്‍ത്ഥികളെ വീട്ടില്‍ക്കയറി ആക്രമിച്ചതിന് 8 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസാണ് കേസടുത്തത്. സഫ്നയെ ആക്രമിച്ചതിന് മയൂസിയം പൊലീസ് ഇന്നലെത്തന്നെ കേസെടുത്തിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയും ഇന്ന് കേസെടുത്തിട്ടുണ്ട്.
പൊതുമരാമത്ത് മന്ത്രി പങ്കെടുത്ത പരിപാടി മദ്യപിച്ചെത്തി അലങ്കോലമാക്കാന്‍ ശ്രമിച്ചതാണ് എല്ലാത്തിനും കാരണമെന്നാണ് എസ്എഫ്ഐ വിശദീകരണം. സഫീനയെ ആരും ആക്രമിച്ചിട്ടില്ലന്നും എസ്എഫ്ഐ വിശദീകരിക്കുന്നു.