എസ്.വി പ്രദീപിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കാരക്കാമണ്ഡപത്തില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറി പൊലീസ് കണ്ടെത്തി. ഡ്രൈവര്‍ അറസ്റ്റില്‍. പ്രദീപിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
കരമന- കളിയിക്കാവിള ദേശീയപാതയില്‍ ഇന്നലെ വൈകുന്നേരമാണ് മാധ്യമ പ്രവര്ത്തകന് എസ്.വി പ്രദീപ്കുമാര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടമുണ്ടാവുന്നത്. അപടമുണ്ടാക്കിയ വാഹനത്തെക്കുറിച്ച് പൊലീസിന് വിവരങ്ങള്‍ ലഭിച്ചു. വാഹനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ട്രാഫിക് സിഗ്നലുകളിലുള്ള ക്യാമറകളടക്കം പരിശോധിച്ചു. ഇതിനു പുറമേ സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ക്യാമറകള്‍ കൂടി പരിശോധിച്ച ശേഷം അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷത്തില്‍ ലോറി കണ്ടെുത്തകയായിരുന്നു. മാധ്യമ പ്രവര്ത്തകന് കെ.എം ബഷീര്‍ കേസിന് സമാനമായി പോലീസിന്റെ സിസിടിവി ക്യാമറകള്‍ പലതും പ്രവര്‍ത്തന രഹിതമായതും അന്വേഷണതിന് തിരിച്ചടിയായി.
സംഭവത്തില്‍ പ്രദീപിന്റെ അമ്മ വസന്തകുമാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അപകടം നടന്ന സ്ഥലത്തും, പ്രദീപ് സഞ്ചരിച്ചിരുന്ന വാഹനത്തിലും ഫോറന്‍സിക് സംഘം പരിശോധന നടത്തി. പ്രദീപിന് നേരെ ചില ഭീഷണികള്‍ വന്നിരുന്നതായും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.


