നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി തള്ളി. ജഡ്ജിയെ മാറ്റുന്നത് അപ്രായോഗികമാണ്. ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയോ നടപടികള്‍ക്കെതിരെയോ പരാതിയുണ്ടെങ്കില്‍ ആരോപണം ഉന്നയിക്കുകയല്ല, മറിച്ച് ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ഏകപക്ഷീയമായാണ് പെരുമാറി, ഇരക്കെതിരെ മോശം പരാമര്‍ശം നടത്തി, പല പ്രധാന മൊഴികളും രേഖപ്പെടുത്തിയില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ജഡ്ജിയെ മാറ്റാന്‍ അനുമതി തേടിയത്. ആവശ്യം തള്ളിയ സുപ്രിം കോടതി ജഡ്ജിയെ ജോലി ചെയ്യാന്‍ അനുവദിക്കണം എന്നും അനാവശ്യ വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നും സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി അനുവാദം നല്കി.
പ്രതിയുടെ മേലുള്ള കുറ്റകൃത്യങ്ങള്‍ തിരുത്തണമെങ്കിലും ഹൈകോടതിയെ സമീപിക്കാവുന്നതെയുള്ളൂ. അല്ലാതെ ഇത്തരത്തില്‍ ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കരുത്. ജഡ്ജിക്ക് മുന്‍വിധിയുണ്ടെന്ന് തെളിയിക്കാന്‍ ഇത് മതിയായ കാരണല്ലെന്നും കോടതി നിരീക്ഷിച്ചു. മുന്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനും ആയ രഞ്ജിത് കുമാര്‍ ആണ് സംസ്ഥാന സര്‍ക്കാരിനായി ഹാജരായത്. വിചാരണ കോടതി ജഡ്ജിയെ ലക്ഷ്യം വച്ച് തന്നെ അദേഹം വാദങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഇരയെ വിഷമിപ്പിക്കുന്ന വിധത്തിലുള്ള പരാമര്‍ശം ജഡ്ജി നടത്തി എന്നതടക്കമായിരുന്നു സംസ്ഥാനത്തിന്റെ നിലപാടുകള്‍.
ഇതൊന്നും സുപ്രിംകോടതി അംഗികരിച്ചില്ല. വിചാരണ കോടതി ഏകപക്ഷീയവും മുന്‍വിധിയോടും കൂടി പ്രവര്‍ത്തിക്കണം എന്നാണോ സംസ്ഥാനത്തിന്റെ നിലപാട് എന്നായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം. വിചാരണ കോടതിയെ സമ്മര്‍ദത്തിലാക്കുന്ന ഒരു ഇടപെടലും നടത്താന്‍ തയ്യാറല്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
ഹൈക്കോടതിയുടെ തീരുമാനം തിരുത്തേണ്ട ഒരു സാഹചര്യവും നിലവിലില്ല. വിചാരണ കോടതിക്ക് നടപടികളും ആയി മുന്നോട്ട് പോകാം. ഇത്തരത്തില്‍ ജഡ്ജിക്ക് എതിരെ ഒരു നിലപാട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളരുതായിരുന്നു എന്നും സുപ്രിം കോടതി പറഞ്ഞു. ജസ്റ്റിസ് എ എന്‍ ഖാന് വില്ക്കര് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.


