മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയെ അസമിൽ നിന്ന് അറസ്റ്റ് ചെയ്ത് കേരള പൊലീസ്. മുടവൂർ തവള കവലയിൽ അസം സ്വദേശിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആണ് അറസ്റ്റ്. കഴിഞ്ഞയാഴ്ചയാണ് അസം സ്വദേശി ബാബുൽ ഹുസൈൻ്റെ മൃതദേഹം വീടിൻ്റെ ടെറസിൽ കണ്ടെത്തിയത്.
കൊലപാതകമെന്ന് പൊലീസിന് സംശയം ഉണ്ടായിരുന്ന കേസിൽ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കഴുത്തറുത്തതാണ് മരണ കാരണമെന്ന് വ്യക്തമായത്. സംഭവത്തിനുശേഷം ബാബുലിൻ്റെ ഭാര്യയെ കാണാതായത് പൊലീസിന്റെ സംശയങ്ങൾ വർധിപ്പിച്ചു. തുടർന്ന് ഇവരുടെ മൊബൈൽ ഫോൺ ഉൾപ്പെടെ ട്രാക്ക് ചെയ്ത പൊലീസ് അസമിലെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ബാബുൽ ഹുസൈനെ കൊലപ്പെടുത്തിയതാണെന്ന് സെയ്ത ഖത്തൂൻ മൊഴി നൽകിയിട്ടുണ്ട്.


