സ്വര്‍ണക്കടത്ത് കേസ് പ്രതികളില്‍ നിന്ന് വീണ്ടെടുത്തത് 4000 ജിബി തെളിവ്. സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുടെ ലാപ്ടോപ്, മൊബൈല്‍ എന്നിവയില്‍ 2000 ജിബിയും കണ്ടെടുത്തു. ടെലഗ്രാമം ചിത്രങ്ങളും വാട്സ്ആപ് ചാറ്റുകള്‍ അടക്കം വീണ്ടെടുത്തെന്നും എന്‍ഐഎ അറിയിച്ചു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ തെളിവുകളുമായി പ്രതികളെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യും.
ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അലി ഇബ്രാഹിം, പി.എം. മുഹമ്മദ് അന്‍വര്‍ എന്നീ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇവരില്‍ സ്വപ്ന സുരേഷ്, മുഹമ്മദ് അന്‍വര്‍ ഒഴികെയുള്ള നാല് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വരെ ആണ് കസ്റ്റഡി. പ്രതികളുടെ ഫോണ്‍ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായാണ് പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയത്.
കുറ്റകൃത്യത്തിനായി പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ പരിശോധനാഫലം ലഭിച്ചപ്പോള്‍ പ്രതികളുടെ ആദ്യമൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
നെഞ്ച് വേദനയെത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സ്വപ്നയെ ആന്‍ജിയോഗ്രാം ചെയ്തതിനു ശേഷമുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കോടതിയില്‍ ഹാജരാക്കുകയുള്ളു. കോടതി ഉത്തരവുണ്ടായിട്ടും സ്വപ്നയെ കാണാന്‍ ബന്ധുക്കളെ അനുവദിക്കുന്നില്ലെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കാമെന്ന് കോടതി അറിയിച്ചു.


