കായംകുളത്ത് കുത്തേറ്റ് മരിച്ച അഭിമന്യൂവിന് രാഷ്ട്രീയമില്ലെന്ന് പിതാവ് അമ്പിളി കുമാര്‍. അഭിമന്യു ഒരു പ്രശ്നത്തിനും പോകുന്ന ആളല്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. അഭിമന്യുവിന്റെ സഹോദരന് അനന്തു ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും അമ്പിളി കുമാര്‍ പറഞ്ഞു.
ഇന്നലെ രാത്രിയാണ് വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പുത്തന്‍ ചന്ത അമ്പിളികുമാറിന്റെ മകനുമായ അഭിമന്യു മരിച്ചത്. വള്ളികുന്നം പടയണിവട്ടം ക്ഷേത്രോല്‍സവത്തിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം മറ്റൊരു സ്ഥലത്തുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകം.
ഉല്‍സവത്തിനെത്തിയ അഭിമന്യുവും കൂട്ടുകാരുമായി എതിര് സംഘം തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് അഭിമന്യുവിന് വയറിനു കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അഭിമന്യുവിന്റെ മൃതദേഹം കറ്റാനത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അതേസമയം, സംഭവത്തിന് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് ആരോപിച്ച് സിപിഐഎം പ്രദേശത്ത് ഹര്‍ത്താല്‍ നടത്തുകയാണ്.


