കൊച്ചി: ബാറില്‍ മദ്യം വിളമ്പാന്‍ വനിതകളെ നിയോഗിച്ച സംഭവത്തില്‍ ബാറിനെതിരെ നടപടി. അബ്കാരി ചട്ടം ലംഘിച്ചതിന് കൊച്ചി ഷിപ്പ് യാര്‍ഡ് ഫ്ളൈ ഹൈ ഹോട്ടലിനെതിരെ കേസെടുത്തു. കേരളത്തിലെ എക്സൈസ് ചട്ടം അനുസരിച്ച് ബാറുകളില്‍ സ്ത്രീകളെ മദ്യ വിതരണത്തിന് ഉപയോഗിക്കരുതെന്നാണ് നിയമം. ഇത് ലംഘിച്ചതിനെതിരെയാണ് ഹോട്ടലിനെതിരെ കേസ് എടുത്തിരിക്കുന്നത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് കേസ് എടുത്തിരിക്കുന്നത്. ഹോട്ടലിലെ സ്റ്റോക്ക് രജിസ്റ്ററിലടക്കം നിയമപരമല്ലാത്ത ചില കാര്യങ്ങള്‍ നടത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഹാര്‍ബര്‍ വ്യൂ എന്ന ഹോട്ടല്‍ ഷിപ്പ് യാര്‍ഡ് ഫ്ളൈ ഹൈ എന്ന പേരില്‍ നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. വിദേശത്ത് നിന്ന് എത്തിച്ച വനിതകളെ ഉപയോഗിച്ചാണ് ഇവിടെ മദ്യം വിളമ്പുന്നത്. സംസ്ഥാനത്ത് മദ്യവിതരണത്തിന് സ്ത്രീകളെ ഉപയോഗിക്കുന്നതില്‍ കുഴപ്പിമില്ലെന്ന് ഹൈക്കടോതി വിധിയുണ്ടെന്നും അതിനാലാണ് മദ്യ വിതരണത്തിന് വിദേശ വനിതകളെ നിര്‍ത്തിയതെന്നുമായിരുന്നു ഹോട്ടല്‍ അധികൃതര്‍ പറഞ്ഞത്.
എന്നാല്‍ കോടതി വിധി തിരുവനന്തപുരത്തെ ഒരു ഹോട്ടലിന് മാത്രമാണ് ബാധകമെന്ന് എക്സൈസ് വിശദീകരിച്ചു. ബാറിന്റെ ലൈസന്‍സ് സംബന്ധിച്ചും മറ്റ് നടപടിക്കുമായി ഇതിന്റെ റിപ്പോര്‍ട്ട് എക്സൈസ് കമ്മീഷണര്‍ക്ക് നല്‍കുമെന്നും ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എക്സൈസ് അറിയിച്ചു.