കൊച്ചി: കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൌണ്ടുകളുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുണ്ടെന്നും ഇഡി ഹൈക്കോടതിയില്‍. അന്വേഷണത്തില്‍ ഇത് കണ്ടെത്തിയെന്നുമാണ് ഇഡി സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വായ്പ നല്കാന് ഉന്നത സിപിഐഎം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും എസി മൊയ്തീന്, പി രാജീവ്, പാലൊളി മുഹമ്മദ് കുട്ടി എന്നിവര്‍ ഇടപെട്ടുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
25 വെളിപ്പെടുത്താത്ത അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ആകെ 1.73 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതില്‍ 63.98 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവുമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നിക്ഷേപം സിപിഐഎം ജില്ലാ കമ്മിറ്റിയുടെ ബാലന്‍സ് ഷീറ്റിന് വിരുദ്ധമാണ്. സിപിഐഎം ബാലന്‍സ് ഷീറ്റ് അനുസരിച്ച് നാല് വീതം ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപവുമാണുള്ളത്.
കേസിലെ മാപ്പുസാക്ഷിയായ ടി ആര് സുനില്‍ കുമാറിന്റേതാണ് മൊഴി. കരുവന്നൂര്‍ ബാങ്കില്‍ സിപിഐഎമ്മിന് അക്കൗണ്ടുണ്ട്. പാര്‍ട്ടി ലെവി, പാര്‍ട്ടി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കരിവന്നൂര്‍ കള്ളപ്പണ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഐഎം കൗണ്‍സിലര്‍ പി ആര് അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് നേരത്തേ ഇഡി വ്യക്തമാക്കിയിരുന്നു. ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണം സിപിഐഎം അക്കൗണ്ടിലുമെത്തി. ബാങ്കിലെ ഭരണസമിതി മാത്രമല്ല, പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദിയാണെന്നും ഇ ഡി വ്യക്തമാക്കിയിരുന്നു. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ 2023 ഡിസംബറിലാണ് ഇഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.
കേസിലെ 55 പ്രതികള്‍ക്കുമെതിരെ ഇഡി കുറ്റപത്രം നല്‍കിയിട്ടുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ പി സതീഷ് കുമാറിന് പ്രധാന പങ്കുണ്ട്. സിപിഐഎം നേതാവ് പി ആര് അരവിന്ദാക്ഷന് ഉള്‍പ്പടെയുള്ളവര്‍ സതീഷ് കുമാറിന്റെ ബിനാമി ആയിരുന്നു എന്നാണ് ഇഡി വാദമുയര്‍ത്തിയത്. ഇതിനായി സഹോദരന് പി ശ്രീജിത്തിനെയും മുന്നില്‍ നിര്‍ത്തി സാമ്പത്തിക ക്രമക്കേട് നടത്തി എന്നാണ് ഇഡി വാദം. എന്നാല്‍ കെട്ടിച്ചമച്ച വാദങ്ങള്‍ ആണ് ഇഡി ഉയര്‍ത്തിയത് എന്നും തെളിവുകള്‍ ഇല്ലാതെയാണ് അറസ്റ്റ് എന്നുമായിരുന്നു സതീഷ് കുമാറിന്റെ വാദം.


