നിയമന കത്ത് കേസില്‍ വിജിലന്‍സിനും ക്രൈം ബ്രാഞ്ചിനും മൊഴി നല്കി നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര് അനില്‍. നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് താന്‍ എഴുതിയ കത്ത് നശിപ്പിച്ചു കളഞ്ഞെന്നും മേയറുടെ കത്തിനെ കുറിച്ച് അറിയില്ലെന്നുമാണ് സിപിഐഎം കൗണ്‍സിലറുടെ മൊഴി.
കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കാന്‍ കത്ത് തയ്യാറാക്കിയിരുന്നു. എന്നാല്‍ ആവശ്യമില്ലെന്ന് കണ്ട് കത്ത് നശിപ്പിച്ചു. എങ്ങനെ പുറത്തായി എന്ന് അറിയില്ലെന്നും ഡിആര്‍ അനില്‍ മൊഴി നല്കി. പുറത്തുവന്ന കത്ത് താന്‍ എഴുതിയതാണെന്ന് അദ്ദേഹം നേരത്തെ സമ്മതിച്ചിരുന്നു.
മേയറുടെ പേരില്‍ പുറത്ത് വന്ന കത്ത് സംബന്ധിച്ചും ഡിആര്‍ അനിലിനോട് വിജിലന്‍സ് ചോദിച്ചു. എന്നാല്‍ മേയറുടെ കത്ത് താന്‍ കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ കൂടി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മേയറുടെ കത്തിന്റെ സ്ക്രീന്‍ഷോട്ടാണ് വന്നത്. മേയറുടെ പേരില്‍ പുറത്തുവന്ന കത്തിന്റെ ഒറിജിനല്‍ കണ്ടിട്ടില്ലെന്നും അനില്‍ മൊഴി നല്കി.


